ദ്രവിച്ച പോസ്റ്റുകളും കേബ്ളുകളും യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു

പറവൂര്‍: നഗരത്തിലെ പ്രധാന റോഡുകളില്‍ വീഴാറായ പോസ്റ്റുകളും താഴ്ന്നു കിടക്കുന്ന കേബ്ളുകളും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികളും മാധ്യമ റിപ്പോര്‍ട്ടുകളും വന്നിട്ടും അധികൃതര്‍ മൗനം പാലിക്കുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയപാത 17 ലും പൊതുമാരമത്ത്-മുന്‍സിപ്പല്‍ റോഡുകളിലുമാണ് അവകാശികളില്ലാതെ കേബ്ളികളും പോസ്റ്റുകളും കിടക്കുന്നത്. പലസ്ഥലങ്ങളിലും കേബ്ളുകള്‍ തലങ്ങും വിലങ്ങും പൊട്ടിക്കിടക്കുകയാണ്. നഗരത്തിലെ ജനതിരക്കേറിയ കച്ചേരിപ്പടിയില്‍ വീഴാറായ പോസ്റ്റില്‍ കേബ്ളുകള്‍ താഴ്ന്ന് കിടക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വളരെയേറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. മിനിസിവല്‍ സ്റ്റേഷന്‍, കോടതി, പൊലീസ് സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ്. ദേശീയപാത 17 കെ.എം.കെ ജങ്ഷന് തെക്കുവശം കേബ്ളുകള്‍ നിലത്ത് കിടക്കാന്‍ തുടങ്ങയിട്ട് മാസങ്ങള്‍ പിന്നിട്ടു. നഗരത്തിലെ എല്ലാ പോസ്റ്റുകളിലും അഴിയാ കുരുക്കള്‍ പോലെ കേബ്ളുകള്‍ കാണാം. ഉയര്‍ന്ന വാഹനങ്ങള്‍ പോകുമ്പോള്‍ കേബ്ളുകള്‍ മുറിഞ്ഞ് റോഡിലേക്ക് വീഴുന്നത് പതിവാണ്. അനധികൃത കേബ്ളുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ചില പ്രദേശത്തെ കേബ്ളുകള്‍ മാറ്റിയെങ്കിലും വീഴാറായ പോസ്റ്റുകള്‍ അതേ പടി നില്‍ക്കുകയാണ്. ബി.എസ്.എന്‍.എല്‍, സ്വകാര്യ ചാനലുകള്‍ എന്നിവയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേബ്ള്‍ ശൃംഖല സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, നഗരസഭ എന്നിവയുടെ അനുമതി വാങ്ങാതെയാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാത 17 ല്‍ റിലയന്‍സ് കമ്പനി വൈദ്യുതി ലൈനിനോടു ചേര്‍ന്ന് ഇരുമ്പ് പോസ്റ്റുകള്‍ സ്ഥാപിച്ച് കേബ്ള്‍ വലിക്കാന്‍ നീക്കം നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്ത് വരുകയും നിര്‍മാണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം കേബിളുകള്‍ സ്ഥാപിക്കുന്നതിനെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതാണ് അനധികൃത കേബ്ളുകളും പോസ്റ്റുകളും വര്‍ധിക്കാന്‍ ഇടയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.