ആലുവ സ്റ്റേഷന് പടിഞ്ഞാറന്‍ കവാടം: മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി

ആലുവ: റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറന്‍ കവാടമെന്ന ആലുവ നിവാസികളുടെ സ്വപ്നത്തിന് ചിറക് മുളക്കുന്നു. പടിഞ്ഞാറന്‍ കവാടത്തിന് ആവശ്യപ്പെട്ടും ഈ ഭാഗത്തെ റെയില്‍വേ ഗുഡ് ഷെഡ് നീക്കം ചെയ്യേണ്ടതിന്‍െറ ആവശ്യകത വിവരിച്ചും മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്ത് നല്‍കി. നഗരസഭയുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്. പടിഞ്ഞാറന്‍ കവാടത്തിന് നിരവധി സമരങ്ങളും നിവേദന സമര്‍പ്പണങ്ങളും ഇതിനകം നടന്നിട്ടുണ്ട്. താലൂക്ക് വികസനസമിതി യോഗവും ഏകസ്വരത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മെട്രോ റെയിലിന്‍െറ പ്രഥമ സ്റ്റേഷന്‍ ആലുവ ബൈപാസിലാണ് വരുന്നത്. അതിനാല്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന റെയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പം എത്താന്‍ പടിഞ്ഞാറന്‍ കവാടം വഴിയൊരുക്കും. പറവൂര്‍ അടക്കമുള്ള പടിഞ്ഞാറന്‍ മേഖലയിലെ ജനം കൂടുതലായും ആശ്രയിക്കുന്നത് ആലുവ സ്റ്റേഷനെയാണ്. ദേശീയപാതവഴി റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നവരെല്ലാം നഗരം ചുറ്റി നിലവിലെ കവാടത്തിലൂടെയാണ് വരുന്നത്. ഇതുമൂലം നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇടുക്കി ജില്ലയുടെ റെയില്‍വേ പ്രവേശകവാടം കൂടിയായ ആലുവയിലെ ഏക കവാടത്തിന് യാത്രക്കാരുടെ തിരക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. സ്റ്റേഷന്‍െറ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന റെയില്‍വേ ഗുഡ് ഷെഡാണ് പടിഞ്ഞാറന്‍ കവാടത്തിന് തടസ്സമാകുന്നത്. നഗരത്തിന് ഗുണമില്ളെന്ന് മാത്രമല്ല, ഒട്ടേറെ ദോഷങ്ങളും ഇതുകൊണ്ടുണ്ട്. എന്നിട്ടും ഗുഡ്ഷെഡ് ഇവിടെ നിന്ന് മാറ്റാത്തത് ചില രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണെന്ന് പറയപ്പെടുന്നുണ്ട്. ഗുഡ്ഷെഡ് പ്രവര്‍ത്തനം മൂലം സിവില്‍ സ്റ്റേഷന്‍ റോഡിലും ബാങ്ക് കവലയിലും ദുരിതമാണ്. സിമന്‍റ് പൊടിയും ലോറികളുടെ വരവും റോഡുകള്‍ക്കും കവലകള്‍ക്കും ദുരിതമാണ് നല്‍കുന്നത്. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമൊക്കെ പൊടിശല്യം കാരണം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഗുഡ്ഷെഡ് കളമശ്ശേരിയിലേക്കോ ചൊവ്വരയിലേക്കോ മാറ്റിസ്ഥാപിച്ച് ഈ സ്ഥലം റെയില്‍വേ സ്റ്റേഷന്‍െറ വികസനത്തിന് ഉപയോഗിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.