ആലുവ: നഗരസഭ അധികൃതര്‍ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വിമത, ബി.ജെ.പി കൗണ്‍സിലര്‍മാരുടെ വാര്‍ത്താസമ്മേളനം. നഗരം അനധികൃത കെട്ടിടങ്ങളാല്‍ നിറഞ്ഞതായി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍മാരായ കെ. ജയകുമാര്‍, സെബി വി.ബാസ്റ്റിന്‍, ബി.ജെ.പി കൗണ്‍സിലര്‍ എ.സി. സന്തോഷ് കുമാര്‍ എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. നഗരസഭ കെട്ടിടങ്ങള്‍ പലതും ചിലര്‍ അനധികൃതമായി കൈയടക്കിയിരിക്കുകയാണ്. ഇത് നഗരസഭക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ളെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ചവരെ സഹായിക്കുന്ന നടപടികളാണ് ചെയര്‍പേഴ്സണ്‍ സ്വീകരിച്ചത്. തങ്ങള്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് മുനിസിപ്പല്‍ അസി. എന്‍ജിനീയറും ഓവര്‍സിയറും സ്ഥലം സന്ദര്‍ശിച്ച് കടമുറി നിര്‍മാണം അനധികൃതമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കടമുറികള്‍ പൊളിച്ച് നീക്കാന്‍ സെക്രട്ടറി ഉത്തരവിട്ടു. എന്നിട്ടും നടപടി എടുക്കാന്‍ ചെയര്‍പേഴ്സണ്‍ തയാറായില്ല. 24നകം പൊളിച്ച് നീക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ബിനാമികളാണ് നിയന്ത്രിക്കുന്നത്. കടമുറികളും മറ്റും മുന്‍കാല ഭരണക്കാര്‍ വേണ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ വാടകക്കാണ് നല്‍കിയിട്ടുള്ളത്. ഇവര്‍ വന്‍ തുക വാടകക്ക് മറിച്ച് നല്‍കുകയാണ് ചെയ്തത്. ഇത്തരത്തില്‍ പല കൈമറിഞ്ഞത്തെിയവരാണ് ഇപ്പോള്‍ കടകള്‍ നടത്തുന്നത്. ഏകദേശം അഞ്ച് കോടിയോളം രൂപ നഗരസഭാ കെട്ടിടങ്ങളിലെ മുറികളില്‍നിന്ന് വാടക പിരിക്കുന്നുണ്ട്. എന്നാല്‍, ഒരു കോടിയോളം രൂപ മാത്രമാണ് നഗരസഭക്ക് ലഭിക്കുന്നത്. നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വാടക കൃത്യമായി നഗരസഭക്ക് ലഭിച്ചാല്‍ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകും. നഗരസഭ നെഹ്രു പാര്‍ക്ക് അവന്യൂ കെട്ടിടത്തില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അനുവദിച്ച കടകളില്‍ മറ്റുള്ളവരാണ് കച്ചവടം നടത്തുന്നത്. ഇതിനെതിരെ കഴിഞ്ഞ കൗണ്‍സിലില്‍ ആരോപണമുയര്‍ന്നിട്ടും യാതൊരു നടപടിയും എടുത്തില്ല. ഭരണപക്ഷത്തെ ചിലരുടെ താല്‍പര്യങ്ങളാണ് നടപടികള്‍ എടുക്കാത്തതിന് കാരണം. നഗരസഭയുടെ കെട്ടിടങ്ങള്‍ പൂര്‍ണമായും പുനര്‍ലേലം ചെയ്താലേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ രേഖാമൂലം സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ സെക്രട്ടറി ഉത്തരവിട്ടെങ്കിലും പിന്നീട് മരവിപ്പിച്ചു. വിവരാവകാശം വഴി വാങ്ങാനാണ് കൗണ്‍സിലര്‍ സെബി വി. ബാസ്റ്റിനോട് ചെയര്‍പേഴ്സണ്‍ നിര്‍ദേശിച്ചത്. എന്നാല്‍, ജനപ്രതിനിധിയെന്ന നിലയില്‍ രേഖാമൂലം ആവശ്യപ്പെട്ട പകര്‍പ്പുകള്‍ ലഭ്യമാക്കേണ്ടതാണ്. കെട്ടിടങ്ങള്‍ക്ക് പുറമേ മറ്റു തരത്തിലുള്ള വരുമാനവും നഗരസഭ നഷ്ടപ്പെടുത്തുന്നുണ്ട്. ചെറുതും വലുതുമായ പരസ്യ ബോര്‍ഡുകളുടെ തറവാടക കൃത്യമായി പിരിക്കുന്നില്ല. മുന്‍ ഭരണാധികാരികള്‍ കരം പിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. ജീവനക്കാര്‍ ഉള്ളപ്പോഴാണ് ഈ പാഴ്ചെലവ്. പാര്‍ക്കില്‍ മോഷണം നടന്നിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഭരണക്കാര്‍ ശ്രമിക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ബസ്സ്റ്റാന്‍ഡിലെ അനധികൃത കെട്ടിട നിര്‍മാണം അടക്കമുള്ള വിഷയങ്ങളില്‍ ഉടന്‍ നടപടിയെടുത്തില്ളെങ്കില്‍ സമരം ആരംഭിക്കുമെന്നും കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷത്തെ ഇടത് കൗണ്‍സിലര്‍മാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വാര്‍ത്താസമ്മേളനം നടത്തിയ കൗണ്‍സിലര്‍മാര്‍ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.