കുടുംബശ്രീ റെയില്‍വേ ഇ-കാറ്ററിങ് മേഖലയിലേക്ക്

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) യാത്രക്കാര്‍ക്കായി നടപ്പാക്കിയ ഇ- കാറ്ററിങ് പദ്ധതിയില്‍ കുടുംബശ്രീയും പങ്കാളിയാകുന്നു. 23ന് രാവിലെ 10 ന് ഐ.ആര്‍.സി.ടി.സി കഫേ കുടുംബശ്രീ ഇ-കാറ്ററിങ് പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും. കുടുംബശ്രീയുടെ കാറ്ററിങ് ബ്രാന്‍ഡായ കഫേ കുടുംബശ്രീയാണ് റെയില്‍വേ യാത്രക്കാര്‍ക്കായി ഭക്ഷണം ഒരുക്കുന്നത്. കുടുംബശ്രീ യൂനിറ്റുകള്‍ ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഇ-ടിക്കറ്റ് എടുക്കുന്ന സമയത്ത് ബുക് ചെയ്യാവുന്നതാണ്. യാത്ര പുറപ്പെടുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണം ലഭ്യമാക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോര്‍ത് റെയില്‍വേ സ്റ്റേഷനിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആദ്യ ദിവസങ്ങളില്‍ ഉച്ചഭക്ഷണവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭാതഭക്ഷണം, നാടന്‍ സ്നാക്സുകള്‍, രാത്രിയിലെ ഭക്ഷണം എന്നിവയും ലഭ്യമാക്കും. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തുടനീളം സര്‍വിസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. രുചികരവും ഗുണനിലവാരവുമുള്ള ഭക്ഷണസാധനങ്ങള്‍ മിതമായ നിരക്കില്‍ യാത്രക്കാരില്‍ എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. കൊച്ചിന്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷാജഹാന്‍ ഐ.എ.എസ്, ഗണപതി സുബ്രഹ്മണ്യം (നോഡല്‍ ഓഫിസര്‍ ഐ.ടി ആന്‍ഡ് ഇ-കാറ്ററിങ് ഐ.ആര്‍.സി.ടി.സി), ഡോ. രാജേഷ് ചന്ദ്രന്‍ (ഐ.ആര്‍.ടി.സി.എസ് ഏരിയ മാനേജര്‍, സതേണ്‍ റെയില്‍വേ), അഡ്വ. എന്‍.എ. ഖാലിദ് (കുടുംബശ്രീ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം) എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.