പള്ളിക്കര: കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് സ്ഥാപിച്ച ഖര മാലിന്യ പ്ളാന്‍റില്‍നിന്ന് ദുര്‍ഗന്ധം ശക്തമാകുന്നു. കരിമുകള്‍, അമ്പലമുകള്‍, പിണര്‍മുണ്ട, പെരിങ്ങാല, കാക്കനാട് ഭാഗങ്ങളിലെല്ലാം രണ്ടുദിവസമായി ദുര്‍ഗന്ധം ശക്തമാണ്. കൊച്ചി നഗരസഭയുടെയും സമീപ മുനിസിപ്പാലിറ്റികളുടെയും മാലിന്യം സംസ്കരിക്കുന്നത് ബ്രഹ്മപുരത്തെ പ്ളാന്‍റിലാണ്. കൂടാതെ കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള പ്ളാന്‍റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ദുര്‍ഗന്ധം ശക്തമായതോടെ പരിസരവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കടമ്പ്രയാറിലേക്കാണ് പ്ളാന്‍റിലെ മലിനജലം ഒഴുക്കുന്നത്. പ്ളാന്‍റിന്‍െറ ചുറ്റുമതില്‍ നിര്‍മാണം പാതിവഴിയിലാണ്. എട്ട് വര്‍ഷം മുമ്പ് സ്ഥാപിച്ച പ്ളാന്‍റ് ഏതുനിമിഷവും ഒരു ദുരന്തത്തിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്. അത്യാധുനിക സൗകര്യങ്ങളോടെ പത്തേക്കറില്‍ 350 കോടി മുടക്കി 500 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്നതും മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതുമായ പ്ളാന്‍റ് സ്ഥാപിക്കുമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ശുചിത്വമിഷനാണ് പുതിയ പ്ളാന്‍റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. എന്നാല്‍ ഒന്നും നടപ്പായില്ല. ഒന്നര വര്‍ഷം മുമ്പ് പ്ളാന്‍റ് സന്ദര്‍ശിച്ച നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ പ്ളാന്‍റ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരുവര്‍ഷത്തിനുശേഷം ബ്രഹ്മപുരത്ത് തെരുവുനായ്ക്കളുടെ വന്ധീകരണ പദ്ധതിയുടെ ഉദ്ഘാടനത്തിനത്തെിയ മന്ത്രി അത്യാധുനിക പ്ളാന്‍റ് ഉടന്‍ നിര്‍മിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചിരുന്നു. ദിവസവും ശരാശരി 80 ലോഡ് മാലിന്യമാണ് പ്ളാന്‍റില്‍ എത്തുന്നത്. ഇവ വേര്‍തിരിക്കുകയാണ് ആദ്യപടി. അതില്‍ ജൈവമാലിന്യങ്ങള്‍ 45-50 ലോഡ് വരും. ഇതാണ് പ്ളാന്‍റില്‍ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നത്. ഈ വളം കൃഷിവകുപ്പ് വഴി വില്‍ക്കുകയാണ്. പ്ളാന്‍റിന്‍െറ തറ ഇടിഞ്ഞുതാഴ്ന്നിട്ട് ഏറെക്കാലമായി. തൂണുകള്‍ക്ക് ഉള്‍പ്പെടെ ബലക്ഷയം സംഭവിച്ചു. ദിനംപ്രതി 30-40 ലോഡ് പ്ളാസ്റ്റിക് മാലിന്യങ്ങളാണ് പ്ളാന്‍റില്‍ എത്തുന്നത്. 2013 ഫെബ്രുവരിയില്‍ ഈ പ്ളാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചിരുന്നു. പ്ളാസ്റ്റിക് കത്തിയ പുക കിലോമീറ്ററോളം വ്യാപിച്ചിരുന്നു. അഗ്നിശമന സേന കിണഞ്ഞുശ്രമിച്ചിട്ടും തീയണഞ്ഞില്ല. ഒടുവില്‍ രണ്ടുകോടി മുടക്കി പ്ളാസ്റ്റിക്കിനു മുകളില്‍ മണ്ണടിച്ചാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.