കാരുണ്യ ഹൃദയതാളം പദ്ധതി അഴിമതിക്കേസ്: മുന്‍ അംഗങ്ങള്‍ പിരിച്ച പണവും ബക്കറ്റും ഹാജരാക്കി

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം പദ്ധതി അഴിമതിക്കേസില്‍ മുന്‍ അംഗങ്ങള്‍ ഓംബുഡ്സ്മാന്‍ മുമ്പാകെ പിരിച്ച പണവും ബക്കറ്റും ഹാജരാക്കി. വെങ്ങോല പഞ്ചായത്തിലെ മുന്‍ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ കാരുണ്യ ഹൃദയതാളം പദ്ധതിയില്‍ നടന്ന ക്രമക്കേട് സംബന്ധിച്ച കേസില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍ മുമ്പാകെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റാബിയ ഇബ്രാഹീം, മുന്‍ മെംബര്‍ കെ.പി. അബ്ദുല്‍ ജലാല്‍ എന്നിവര്‍ പദ്ധതിയുടെ പേരില്‍ സമാഹരിച്ച തുകയും പിരിക്കാന്‍ ഉപയോഗിച്ച ബക്കറ്റുമാണ് ഹാജരാക്കിയത്. ഈ പദ്ധതിക്കെതിരെ എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ അസീസും അഡ്വ. ബേസില്‍ കുര്യാക്കോസും പരാതി നല്‍കിയിരുന്നു. വെങ്ങോല പഞ്ചായത്ത് നേരിട്ട് നടത്താന്‍ തീരുമാനിച്ച പദ്ധതി ചിലര്‍ പ്രഖ്യാപനത്തില്‍നിന്ന് വ്യതിചലിച്ച് സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. യു.ഡി.എഫ് ഭരിച്ച പഞ്ചായത്തില്‍ പഞ്ചായത്ത് പദ്ധതി എന്ന നിലക്കാണ് കാരുണ്യ ഹൃദയതാളം പദ്ധതി നടപ്പാക്കിയത്. പിന്നീട് ഭരണപക്ഷം ഇതിനായി ഒരു ട്രസ്റ്റ് രൂപവത്കരിക്കുകയായിരുന്നു. മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും ചില അംഗങ്ങള്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തില്‍ ഇതില്‍നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍, ലീഗ് മെംബര്‍മാര്‍ ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചതും രസീതിലൂടെ പിരിച്ചതുമായ തുക ട്രസ്റ്റിന് കൈമാറിയിരുന്നില്ല. ഈ പണം എന്തുചെയ്യണമെന്നുള്ള തീരുമാനത്തിന് ഇവര്‍ ഓംബുഡ്സ്മാനെ സമീപിച്ചിരുന്നു. ഇതിന്‍െറ തുടര്‍നടപടികള്‍ക്കായാണ് വെള്ളിയാഴ്ച ഓംബുഡ്സ്മാന്‍ മുമ്പാകെ ഇവര്‍ ഹാജരായത്. കേസ് പരിഗണിച്ച ഓംബുഡ്സ്മാന്‍ തുക അവരവരുടെ അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ഉത്തരവായി. സെക്രട്ടറിയുടെ മറുപടിക്കുശേഷം തുടര്‍നടപടികള്‍ക്കായി കേസ് മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.