യൂനാനി ചികിത്സാ യൂനിറ്റുകള്‍ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലയിപ്പിക്കാന്‍ നിര്‍ദേശം

പുക്കാട്ടുപടി: ചെറിയ യൂനാനി ചികിത്സാ യൂനിറ്റുകള്‍ റീജനല്‍ യൂനാനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോജിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂനാനി ഡയറക്ടര്‍ ജനറലിന്‍െറ കത്ത് എടത്തല യൂനാനി ക്ളിനിക്കിന് ലഭിച്ചു. ഇതോടെ, പതിറ്റാണ്ടുകളായി എടത്തലയില്‍ പ്രവര്‍ത്തിക്കുന്ന യൂനാനി ചികിത്സാ കേന്ദ്രത്തിന്‍െറ നിലനില്‍പ് ഭീഷണിയിലായി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍െറ റിവ്യൂ മീറ്റിങ് തീരുമാനപ്രകാരമാണ് കത്ത് ലഭിച്ചത്. ചെറിയ യൂനിറ്റുകളെ റീജനല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് യൂനാനി മെഡിസിനുമായി (ആര്‍.ആര്‍.ഐ.യു.എം) ലയിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഏറ്റവും അടുത്ത റിസര്‍ച് കേന്ദ്രങ്ങള്‍ ബംഗളൂരുവിലും ചെന്നൈയിലുമാണ്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അലോപ്പതി സമ്പ്രദായം ഫലപ്രദമല്ലാത്ത ചികിത്സകള്‍ക്ക് യൂനാനി മരുന്നുകള്‍ ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചത്. അതേസമയം, എടത്തലയില്‍ അനുവദിച്ച റീജനല്‍ റിസര്‍ച് സെന്‍ററിനുള്ള പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. റീജനല്‍ സെന്‍ററിന് സ്ഥലമെടുപ്പിനായി സര്‍ക്കാര്‍ തീരുമാനമെടുക്കുകയും 2015 ജനുവരിയില്‍ ജില്ലാ കലക്ടറോട് നടപടി ക്രമങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലേക്കായി ഒൗദ്യോഗികമായി അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് 2015 ഏപ്രിലില്‍ ജില്ലാ കലക്ടര്‍ യൂനാനി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. അതേസമയം, റീജനല്‍ സെന്‍ററിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കാതെ മറ്റു സംസ്ഥാനത്തെ റീജനല്‍ സെന്‍ററുമായി ലയിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. സംസ്ഥാനത്തിനുതന്നെ ലഭിച്ച ഈ ബൃഹദ്പദ്ധതി സ്ഥാപിക്കാനും നിലവിലുള്ള യൂനാനി ക്ളിനിക് നിലനിര്‍ത്താനും ആയുഷ് മന്ത്രാലയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണ്. യൂനാനി ക്ളിനിക് സംബന്ധിച്ച വിഷയം 27ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് എടത്തല പഞ്ചായത്ത് പ്രസിഡന്‍റ് സാജിത അബ്ബാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.