പള്ളിപ്പുറം ബാങ്ക് പലിശ രഹിത വിദ്യാഭ്യാസ വായ്പ നല്‍കുന്നു

വൈപ്പിന്‍: വിദ്യാഭ്യാസ വായ്പ മേഖലയില്‍ ചരിത്രം കുറിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി പലിശ രഹിത വിദ്യാഭ്യാസ വായ്പ നല്‍കാനുള്ള പദ്ധതിയുമായി പള്ളിപ്പുറം ബാങ്ക്. പ്രഫഷനല്‍ കോഴ്സുകള്‍ക്ക് മെറിറ്റില്‍ പ്രവേശം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചുലക്ഷം രൂപവരെ ബാങ്ക് പലിശയില്ലാതെ വായ്പ നല്‍കും. മൂന്ന് സെന്‍റ് ഭൂമിയെങ്കിലും സ്വന്തമായുള്ളവര്‍ക്ക് അതിന്‍െറ ഈടിന്മേല്‍ ഈ വായ്പ ലഭ്യമാക്കും. വിദ്യാഭ്യാസം പൂര്‍ത്തിയായി ആറു മാസത്തിനുശേഷം തിരിച്ചടക്കാന്‍ തുടങ്ങിയാല്‍ മതി. അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പലിശയില്ലാ വായ്പ. നിലവില്‍ ബാങ്കില്‍നിന്ന് വസ്തു ഈടിന്മേല്‍ വായ്പയെടുത്തവര്‍ക്ക് ആ വസ്തു തന്നെ ഈടായി കാണിക്കാനുള്ള സൗകര്യവുമുണ്ട്. വിധവകളുടെ മക്കള്‍, മാതാപിതാക്കളുടെ അഭാവത്തില്‍ ആശ്രിതര്‍ക്കൊപ്പം കഴിയുന്നവര്‍, വികലാംഗരുടെ മക്കള്‍, ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടവ് നടത്തിയതിന് ബാങ്കിന്‍െറ സ്മാര്‍ട്ട് കാര്‍ഡ് ലഭിച്ചവരുടെ മക്കള്‍ എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വര്‍ഷം 20 വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കാനായി ബാങ്ക് ലാഭവിഹിതത്തില്‍നിന്ന് ഒരു കോടിരൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് മയ്യാറ്റില്‍ സത്യന്‍ പറഞ്ഞു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് 10000 രൂപ ബാങ്കിന്‍െറ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്ന് സഹായം നല്‍കും. പഞ്ചായത്ത് വക പൊതുശ്മശാനവും തൊട്ടടുത്ത മാലിന്യസംഭരണ കേന്ദ്രവും നവീകരിക്കുന്നതിന്‍െറ ഭാഗമായി ട്രസ് വര്‍ക്ക് ചെയ്യുകയും ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുകയും ചെയ്യും. മുനമ്പം ആശുപത്രിയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നവീകരിക്കാനും സ്വയം സഹായസംഘങ്ങള്‍ രൂപവത്കരിച്ച് പഞ്ചായത്ത് പ്രദേശത്താകെ ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കാനും പദ്ധതി ഒരുക്കിയിട്ടുണ്ട്. ബാങ്ക് ചെറായി കരുത്തലയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയം നിര്‍മിക്കും. ഇതിന് കരുത്തല പാലത്തിന് വടക്കുവശം മൂന്നര കോടിയില്‍ പരം വിലവരുന്ന 90 സെന്‍േറാളം സ്ഥലം വാങ്ങിയതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.