നെടുമ്പാശ്ശേരി: പെരിയാറിനെ കൊള്ളയടിക്കാന്‍ മണല്‍ലോബി വീണ്ടും സജീവമായി. കഴിഞ്ഞദിവസം ആലുവക്കടുത്ത് മംഗലപ്പുഴ പാലത്തിന് സമീപത്തുനിന്ന് മണല്‍ കടത്തുന്നതിനിടെ പിടിയിലായ മൂവര്‍സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരം ലഭിച്ചത്. ഇടപ്പള്ളി പാടിവട്ടം സ്വദേശി മുഹമ്മദ്കുഞ്ഞ്, കീഴ്മാട് സ്വദേശി അബ്ദു, ഏലൂക്കര സ്വദേശി ജിന്നാസ് എന്നിവരാണ് പിടിയിലായത്. പെരിയാര്‍ തീരത്തെ പല ഭാഗങ്ങളിലും ഇവര്‍ കുറേശ്ശെ മണല്‍ കൂട്ടിയിടുകയാണ് ചെയ്യുന്നത്. അതിനുശേഷം പുലര്‍ച്ചെ പൊലീസിന്‍െറ കണ്ണുവെട്ടിച്ച് കടത്തും. ഒരു നിസാന്‍ ലോറി മണലിന് 30,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പുഴ മണല്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നതിന് മണല്‍ പുഴയില്‍നിന്ന് കടത്തുന്നതിന്‍െറ ദൃശ്യങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. മണല്‍ക്കടത്തില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം നടപ്പാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പെരിയാറിലെ മണല്‍ക്കൊള്ള വലിയൊരു പരിധി വരെ കുറഞ്ഞത്. പെരിയാറില്‍ മണലെടുത്ത കുഴികളും നികന്നിരുന്നു. ഇതുമൂലം പെരിയാറില്‍ കുളിക്കാനിറങ്ങിയുള്ള അപകടമരണവും കുറഞ്ഞതാണ്. മഴക്കാലത്ത് ധാരാളമായി പെരിയാറിലേക്ക് മണല്‍ അടിഞ്ഞിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മണല്‍ലോബി വീണ്ടും സജീവമായത്. മണല്‍ വാരുന്നതിന് ഇതര സംസ്ഥാനക്കാരെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പുലര്‍ച്ചെ മൂന്നോ നാലോ മണിക്കൂര്‍ പുഴയില്‍നിന്ന് മണല്‍വാരി വഞ്ചിയില്‍ നിറച്ചാല്‍ ഒരാള്‍ക്ക് 1000 രൂപ വരെയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ മണല്‍വാരാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ധാരാളമായി മുന്നോട്ടുവന്നിരുന്നു. മണല്‍ വാരുന്നത് അനധികൃതമാണെന്ന് ഇവരോട് പറയാറുമില്ല. പൊലീസ് മറ്റേതെങ്കിലും ഡ്യൂട്ടികള്‍ക്ക് വിന്യസിക്കപ്പെടുന്ന സമയത്താണ് കൂടുതലായും മണല്‍ക്കടത്ത് നടത്തുന്നത്. പൊലീസിലെ ചിലരും മണല്‍മാഫിയയെ സഹായിക്കുന്നതായി സംശയിക്കുന്നുണ്ട്. പൊലീസിന്‍െറ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ മണല്‍ മാഫിയ പലരെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.