താലൂക്ക് വികസനസമിതി യോഗം: ആലുവ–പറവൂര്‍ റൂട്ടിലെ യാത്രാക്ളേശം അടിയന്തരമായി പരിഹരിക്കണം

പറവൂര്‍: ആലുവ-പറവൂര്‍ റൂട്ടില്‍ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രാക്ളേശത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. പറവൂര്‍ ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. പ്രശ്നം പരിഹരിക്കാന്‍ പുതിയ ബസുകള്‍ പറവൂരിലേക്ക് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആലുവ-പറവൂര്‍ റൂട്ടില്‍ അനുഭവപ്പെടുന്ന രൂക്ഷയാത്രാക്ളേശം സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വികസനസമിതി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യമുന്നയിച്ചത്. സ്വകാര്യബസുകളില്‍ വാതിലുകള്‍ ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്‍െറ നിര്‍ദേശം പാലിക്കുന്നില്ളെന്നും ആക്ഷേപം ഉയര്‍ന്നു. മിക്ക സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളിലും വാതിലുകള്‍ ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പറവൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസില്‍നിന്ന് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ തുരുത്തിപ്പുറം പാലത്തോട് ചേര്‍ന്ന് സമാന്തര പാലവും അപ്രോച്ചും നിര്‍മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മൂത്തകുന്നം-വരാപ്പുഴ റോഡില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇത്തരം പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണം. ഇതുസംബന്ധിച്ച് നേരത്തേ തീരുമാനം ഉണ്ടായെങ്കിലും നടപ്പാക്കിയിട്ടില്ല. നഗരത്തിലെ വഴിവാണിഭക്കാരുടെ ഫുട്പാത്ത് കൈയേറ്റം ഒഴിപ്പിക്കുക, കാനകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും ആരംഭിക്കുക, പറവൂരില്‍ ഒഴിവുള്ള കൃഷി ഓഫിസറുടെ തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക, പെരുമ്പടന്ന കവലയിലെ റോഡ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് നഗരസഭയും പൊതുമരാമത്തും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. റേഷന്‍ വിതരണം കാര്യക്ഷമമാകുന്നതിന് ഓരോ മാസത്തെ റേഷന്‍ വിഹിതം സംബന്ധിച്ചും വിലവിവര പട്ടികയും താലൂക്ക് വികസന സമിതിയില്‍ ഹാജരാക്കണം. വികസനസമിതി യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരെ സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ആലങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വിജു ചുള്ളിക്കാട് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.കെ. സിദ്ധാര്‍ഥന്‍, എം.എന്‍. ശിവദാസന്‍, എന്‍.എസ്. അനില്‍കുമാര്‍, സി.എം. ഹുസൈന്‍, തത്തപ്പിള്ളി മുരളി, രംഗന്‍ മുഴങ്ങില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.