മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി ഏഴിന് കൊടിയേറും

പത്തനംതിട്ട: മഞ്ഞനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 84ാമത് ദുക്റാനാ പെരുന്നാള്‍ ഫെബ്രുവരി ഏഴു മുതല്‍ 13വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധി സ്വീഡനിലെ പാട്രിയര്‍ക്കല്‍ വികാര്‍ മോര്‍ ദിയസ്കോറോസ് ബെന്യാമിന്‍ അത്താശ് മെത്രാപ്പോലീത്തയും സംബന്ധിക്കും. ഫെബ്രുവരി ഏഴിന് കുര്‍ബാനക്കുശേഷം മഞ്ഞനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയാര്‍ക്ക പതാക ഉയര്‍ത്തും. അന്ന് വൈകീട്ട് 5.30ന് കബറിടത്തില്‍നിന്ന് കൊണ്ടുപോകുന്ന പതാക ആറുമണിക്ക് ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ മോര്‍ ദിവന്നാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തും. ഫെബ്രുവരി 12ന് വൈകീട്ട് മൂന്നുമുതല്‍ കാല്‍നട തീര്‍ഥയാത്ര സംഘങ്ങളെ ഓമല്ലൂര്‍ കുരിശിങ്കലില്‍ സ്വീകരിച്ച് കബറിങ്കലേക്ക് വരവേല്‍ക്കും. ആറിന് തീര്‍ഥാടന പൊതുസമ്മേളനം മോര്‍ ദിയസ്കോറോസ് ബന്യാമിന്‍ അത്താശ് ഉദ്ഘാടനം ചെയ്യും. കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. 13ന് വെളുപ്പിന് മൂന്നിന് മഞ്ഞനിരക്ക മോര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാനയും ദയറാ പള്ളിയില്‍ 5.30ന് കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. തുടര്‍ന്ന് 8.30ന് ആര്‍ച്ച് ബിഷപ് മോര്‍ ദിയസ്കോറോസ് ബെന്യാമിന്‍ അത്താശ് കാര്‍മികത്വത്തില്‍ കുര്‍ബാനയും ധൂപപ്രാര്‍ഥനയും. 10.30ന് സമാപന റാസയും നേര്‍ച്ചവിളമ്പും. വാര്‍ത്താസമ്മേളനത്തില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പൊലീത്ത, മഞ്ഞനിക്കര ദയറായുടെ തലവന്‍ മോര്‍ അത്തനാസിയോസ് ഗീവര്‍ഗീസ്, കണ്‍വീനര്‍ റവ. ജേക്കബ് തോമസ് കോര്‍എപ്പിസ്കോപ്പ മാടപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.