പറവൂര്‍/ വൈപ്പിന്‍: പാര്‍ലമെന്‍റ് കമ്മിറ്റിയുടെ ഏഴംഗസംഘം മുസ്രിസ് പൈതൃകപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും പാര്‍ലമെന്‍ററി കമ്മിറ്റി ഓണ്‍ എം.പി ലാഡ് ചെയര്‍മാനുമായ ഡോ. എം. തമ്പിദുരൈയുടെ നേതൃത്വത്തിലെ ഉന്നതസംഘമാണ് ഞായറാഴ്ച പറവൂരിലത്തെിയത്. രാവിലെ 11ഓടെ പറവൂര്‍ സിനഗോഗിലത്തെിയ എം.പിമാരുടെ സംഘത്തെ വി.ഡി. സതീശന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ്, മുസ്രിസ് പ്രോജക്ട് സ്പെഷല്‍ ഓഫിസര്‍ കെ.എസ്. ഷൈന്‍, പറവൂര്‍ തഹസില്‍ദാര്‍ കെ.എസ്. സിദ്ധാര്‍ഥന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സിനഗോഗ് കാണുകയും ഇതേക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് തട്ടുകടവ് മുസ്രിസ് ജെട്ടിയില്‍നിന്ന് പ്രത്യേകം തയാറാക്കിയ ബോട്ടില്‍ കായല്‍ സൗന്ദര്യം നുകര്‍ന്ന് മുസ്രിസ് പ്രദേശങ്ങളിലേക്ക് നീങ്ങി. ചെറായിയിലത്തെിയ സംഘത്തിന് സാമൂഹിക വിപ്ളവകാരിയായ സഹോദരന്‍ അയ്യപ്പന്‍െറ നൂറില്‍ പരം വര്‍ഷം പഴക്കമുള്ള ഓലമേഞ്ഞ നാലുകെട്ടിന്‍െറ മാതൃകയിലുള്ള ജന്മഗൃഹവും പരിസരവും ഏറെ ബോധിച്ചു. സഹോദരന്‍െറ നേതൃത്വത്തില്‍ നടത്തിയ, ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ മിശ്രഭോജനം ചിത്രീകരിച്ച ശില്‍പമതിലും സംഘത്തെ ആകര്‍ഷിച്ചു. തുടര്‍ന്ന്, കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കോട്ടയില്‍ എത്തിയ സംഘം മുസ്രിസ് പൈതൃക ശേഷിപ്പുകള്‍ കണ്ടു. പിന്നീട് ഗോതുരുത്തിലെ ചവിട്ടുനാടക കേന്ദ്രവും നാടകാചാര്യന്‍ അണ്ണാവിയുടെ ശില്‍പവും മറ്റും നടന്നുകണ്ടു. നാടകരംഗത്തുള്ളവരുമായി അല്‍പനേരം ആശയവിനിമയം നടത്തിയശേഷം ഡച്ച് മാതൃകയില്‍ നിര്‍മിച്ച പാലിയം കൊട്ടാരത്തിലേക്ക് നീങ്ങി. മുസ്രിസ് പൈതൃക ശേഷിപ്പുകള്‍ കാത്തുസൂക്ഷിക്കുന്നതിലും വരുംതലമുറക്ക് ഇത്തരം ചരിത്രങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനും കേരളം കാണിക്കുന്ന താല്‍പര്യം രാജ്യത്തിന് മാതൃകയാണെന്ന് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ പറഞ്ഞു. ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള ലോക്സഭാ അംഗങ്ങളായ ഡോ. രവീന്ദ്രകുമാര്‍ റേ, ദിലീപ് പട്ടേല്‍, മുകേഷ് രാജപുട്ട, ഹരീഷ്ചന്ദ്ര, വൈ.വി. സുബ്ബ റെഡ്ഡി, ഡോ. കുലമണി സമല്‍ എന്നിവരാണ് തമ്പിദുരൈയോടൊപ്പം ഉണ്ടായിരുന്നത്. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥസംഘവും ഇവരെ അനുഗമിക്കുന്നുണ്ട്. ഓണ്‍ ദ സ്പോട്ട് സ്റ്റഡി പ്രോഗ്രാമിന്‍െറ ഭാഗമായാണ് എം.പിമാരുടെ സംഘം സംസ്ഥാനത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.