ചെങ്ങമനാട് ശ്രീ മുനിക്കല്‍ ഗുഹാലയക്ഷേത്രത്തില്‍ മോഷണം

ചെങ്ങമനാട്: ചെങ്ങമനാട് ശ്രീമുനിക്കല്‍ ഗുഹാലയക്ഷേത്രത്തില്‍ മോഷണം. നാല് ഭണ്ഡാരങ്ങളും ഓഫിസ് മുറിയും ശ്രീകോവിലുകളും കുത്തിത്തുറന്നു. ശ്രീകോവിലിലെ പഞ്ചലോഹ ഗോളകയും ജനലുകളും വാതിലുകളും തകര്‍ത്തനിലയിലാണ്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ഓഫിസ് രേഖകളെല്ലാം വാരിവിതറിയ നിലയിലാണ്. താഴത്തെ ഭണ്ഡാരം തകര്‍ത്തശേഷം മുകളില്‍ക്കയറി വാതില്‍ കുത്തിത്തുറന്നാണ് അകത്തുകയറിയത്. രണ്ട് അലമാരകള്‍ കമ്പിപ്പാരകളും മറ്റുമുപയോഗിച്ചാണ് തകര്‍ത്തത്. ക്ഷേത്രത്തിലെ അഞ്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപ നഷ്ടപ്പെട്ടു. തന്ത്രി, മാനേജര്‍, ഓഫിസ് സെക്രട്ടറി, അടിച്ചുതളിക്കാര്‍ എന്നിവര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്ന ശമ്പളമാണ് നഷ്ടപ്പെട്ടത്. ഗണപതിയുടെ ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരം തകര്‍ത്തശേഷം ശ്രീകോവില്‍ കുത്തിത്തുറന്നാണ് പഞ്ചലോഹ ഗോളക കേടുവരുത്തിയത്. മോഷണശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാകാം ഗോളക ഉപേക്ഷിച്ചതെന്നാണ് നിഗമനം. പ്രധാന ശ്രീകോവിലിന്‍െറ പൂട്ട് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. 15 ദിവസത്തിലൊരിക്കലാണ് ഭണ്ഡാരം തുറക്കുന്നത്. ഇനി ഞായറാഴ്ചയാണ് തുറക്കേണ്ടത്. അതിനിടെയാണ് മോഷണം. ശനിയാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രത്തിലെ സ്വീപ്പര്‍ രാധ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് സമീപത്തെ ക്ഷേത്ര കമ്മിറ്റിയംഗത്തെ വിവരമറിയിച്ചു. ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി ഊര്‍ജിത അന്വേഷണം നടത്തി. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് സ്ക്രൂഡ്രൈവറും ഇരുമ്പുകമ്പിയും ക്ഷേത്ര പരിസരത്തുനിന്ന് കണ്ടെടുത്തു. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധനക്കത്തെി. ക്ഷേത്രത്തില്‍ മോഷണം നടത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് കെ.പി. വിനോദ്കുമാര്‍, സെക്രട്ടറി സി. സുമേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.