മണപ്പുറം നടപ്പാലം ഉദ്ഘാടനം ഇന്ന്

ആലുവ: കൊട്ടാരക്കടവില്‍നിന്ന് ശിവരാത്രി മണപ്പുറത്തേക്ക് പെരിയാറിനുകുറുകെ നിര്‍മിച്ച നടപ്പാലത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി കെ.എം. മാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. സിനിമതാരങ്ങളായ ദിലീപ്, നിവിന്‍ പോളി എന്നിവര്‍ വിശ്ഷ്ടാതിഥികളാകും. അന്‍വര്‍ സാദത്ത് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ദേവസ്വം ബോര്‍ഡ് മെംബര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റെക്കോഡ് സമയമായ 108 ദിവസത്തിനുള്ളിലാണ് പണിപൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാറിന്‍െറ പ്ളാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 14 കോടി ഉപയോഗിച്ചായിരുന്നു നിര്‍മാണം. ആദ്യം തൂക്കുപാലം നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിന് ചെലവും കുറവായിരുന്നു. എന്നാല്‍, തൂക്കുപാലങ്ങള്‍ അപകടഭീഷണിയുണ്ടാക്കുന്നെന്ന കാരണത്താല്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം തള്ളുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ക്രീറ്റ് പാലമെന്ന ആശയം കൊണ്ടുവന്നത്. നിര്‍ണാണ ച്ചെലവ് കൂടുമെന്നതിനാല്‍ സാമ്പത്തികപ്രതിസന്ധി ആലുവയുടെ സ്വപ്നത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, ആലുവ ശിവരാത്രിയുടെ പ്രത്യേകത കണക്കിലെടുത്ത് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഓരോ വര്‍ഷവും മണപ്പുറത്തേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ ലക്ഷങ്ങളാണ് ചെലവുവന്നത്. ഇത് സ്ഥിരം നടപ്പാലം മൂലം ഇല്ലാതാകും. കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേക്കാണ് പാലം. 200 മീറ്റര്‍ നീളവും ആറുമീറ്റര്‍ വീതിയുമാണുള്ളത്. കോണ്‍ക്രീറ്റ് ആര്‍ച്ച് പാലം പ്രധാനനിര്‍മാണ പ്രവൃത്തികള്‍ 108 ദിവസംകൊണ്ടാണ് കരാറുകാരായ സെഗ്യൂറോ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്ചേഴ്സ് കമ്പനി പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാറിന് 30 ശതമാനം ഓഹരിയുള്ള ഇന്‍കെല്ലിന്‍െറ സഹകരണത്തോടെയാണ് സെഗ്യൂറോ ചരിത്രനേട്ടം കൈവരിച്ചത്. ഇരുവശത്തുമായി 6.66 മീറ്റര്‍ നീളമുള്ള ആറ് ആര്‍ച്ചാണുള്ളത്. 250 ടണ്‍ കപ്പാസിറ്റിയുള്ള ബാര്‍ജിന്‍െറ സഹായത്തോടെയാണ് ബീമും സ്ളാബുകളും നിര്‍മിച്ചത്. കേരളത്തിലാദ്യമായി ആധുനിക സാങ്കേതികവിദ്യയായ ബൂംപൈ്ളസറും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇതുമൂലം പണി അതിവേഗത്തിലാക്കാനായി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്‍റായ മദ്രാസ് ഐ.ഐ.ടിയിലെ റിട്ട. പ്രഫ. ഡോ. പി.കെ. അരവിന്ദന്‍െറ നേതൃത്വത്തിലാണ് ഡിസൈന്‍ തയാറാക്കിയത്. നിര്‍മാണകാലാവധി 12 മാസമാണ്. എന്നാല്‍, മാര്‍ച്ച് ഏഴിന് നടക്കുന്ന ശിവരാത്രിക്കുമുമ്പ് പാലം പൂര്‍ത്തീകരിക്കാനാണ് അതിവേഗം പണി നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.