മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അനുവദിച്ച സിവില്‍ സര്‍വിസ് അക്കാദമി 26ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ജോസഫ് വാഴക്കന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ നാലാമത്തെ അക്കാദമിയാണ് മൂവാറ്റുപുഴയിലേത്. മൂവാറ്റുപുഴ മോഡല്‍ ഹൈസ്കൂളിന് സമീപം വിദ്യാഭ്യാസ വകുപ്പ് നല്‍കിയ 20 സെന്‍റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ അക്കാദമി നിര്‍മിച്ചത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി ഇരുപതുലക്ഷം ഉള്‍പ്പെടെ ഒന്നരക്കോടി രൂപ ചെലവിലാണ് അക്കാദമി കെട്ടിടം യാഥാര്‍ഥ്യമാക്കിയത്. തുടര്‍വിദ്യാഭ്യാസ വകുപ്പാണ് 30 ലക്ഷം അനുവദിച്ചത്. കേരളത്തിലെ മൂന്ന് അക്കാദമികളെയും അപേക്ഷിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് മൂവാറ്റുപുഴയില്‍ അക്കാദമി ആരംഭിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. വി.ഗിരീഷ് കുമാര്‍ പറയുന്നു. നാച്വറല്‍ ക്ളാസ് റൂം, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഉദ്ഘാടനത്തിനുശേഷം കുട്ടികള്‍ക്കായി രണ്ട് കോഴ്സുകള്‍ ആരംഭിക്കും. 8,9,10 ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ചതോറും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സിവില്‍ സര്‍വിസ് ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്സും, പ്ളസ്വണ്‍, പ്ളസ്ടു ക്ളാസുകാര്‍ക്ക് സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്സുമാണ് തുടങ്ങുന്നത്. ആകെ 240 പേര്‍ക്കാണ് അവസരം. ശനിയാഴ്ചകളില്‍ കൂടി പരിശീലനം നല്‍കാനായാല്‍ 240 പേര്‍ക്കുകൂടി അവസരം ലഭിക്കും. എഴുത്ത് പരീക്ഷക്ക് പുറമെ അഭിമുഖവും നടത്തിയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയും, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് 4000 രൂപയും ഫീസ് ഈടാക്കും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അധ്യാപകരും ക്ളാസെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എ. മുഹമ്മദ് ബഷീര്‍, കെ.എം. അബ്ദുല്‍ മജീദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.