മൈ¤്രകാ ഫിനാന്‍സ് വായ്പത്തുക ബാങ്കില്‍ അടച്ചില്ല: അംഗങ്ങള്‍ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസ് ഉപരോധിച്ചു

കായംകുളം: മൈ¤്രകാ ഫിനാന്‍സ് യൂനിറ്റുകള്‍ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസില്‍ അടച്ച തുകയില്‍ വ്യാപക ക്രമക്കേട്. ശാഖാംഗങ്ങള്‍ കായംകുളം എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസ് ഉപരോധിച്ചു. കായംകുളത്ത് കോടികളുടെ വായ്പാതിരിമറി നടന്നതായി മൈക്രോ ഫിനാന്‍സ് യൂനിറ്റുകള്‍ ആരോപിക്കുന്നു. ചേരാവള്ളി 327ാം നമ്പര്‍ ശാഖയുടെ പരിധിയിലെ 11 മൈക്രോ ഫിനാന്‍സ് യൂനിറ്റുകളില്‍ അംഗങ്ങളായ സ്ത്രീകളാണ് യൂനിയന്‍ ഓഫിസ് ഉപരോധിച്ചത്. ഇതുകാരണം യൂനിയന്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.എഫ്.ഇ ശാഖയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉച്ചയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മൈക്രോ ഫിനാന്‍സ് യൂനിറ്റുകള്‍ യഥാസമയം യൂനിയന്‍ ഓഫിസില്‍ നല്‍കിയ തുക ബാങ്കില്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ചേരാവള്ളി ശാഖയുടെ പരിധിയില്‍ മാത്രം 50 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായി മൈക്രോ ഫിനാന്‍സ് യൂനിറ്റ് ഭാരവാഹികള്‍ പറയുന്നു. ചേരാവള്ളി ഗുരുകാരുണ്യം യൂനിറ്റ് 3.5 ലക്ഷം രൂപയാണ് ഐ.ഒ.ബി ശാഖയില്‍നിന്ന് യൂനിയന്‍ മുഖാന്തിരം എടുത്തത്. ശാഖയിലെ വനിതാസംഘം ഭാരവാഹി മുഖാന്തരം പലിശയടക്കം 4,03,719 രൂപയും യൂനിയന്‍ ഓഫിസില്‍ അടച്ചു. എന്നാല്‍ 1.7 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നുകാണിച്ച് ബാങ്കില്‍നിന്ന് നോട്ടീസ് വന്നതോടെ ഭാരവാഹികള്‍ അങ്കലാപ്പിലായി. അടിയന്തരമായി പണം തിരിച്ചടച്ചില്ളെങ്കില്‍ ജപ്തി നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന മുന്നറിയിപ്പും ബാങ്ക് നല്‍കി. തുടര്‍ന്ന് യൂനിയന്‍ ഓഫിസില്‍ എത്തിയെങ്കിലും തൃപ്തികരമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഭാരവാഹികള്‍ സ്വീകരിച്ചതെന്ന് ഗുരുകാരുണ്യം ഭാരവാഹികള്‍ പറഞ്ഞു. ഐ.ഒ.ബി കൂടാതെ കനറ ബാങ്കില്‍നിന്നും പല സംഘങ്ങളും വായ്പ എടുത്തിരുന്നു. ഇവിടെയും ഇതുതന്നെയാണ് സ്ഥിതി. യൂനിയന്‍ പരിധിയിലെ മുഴുവന്‍ ശാഖകളിലെയുമാകുമ്പോള്‍ കോടികളുടെ ബാധ്യതയാണ് വരുത്തിവെച്ചിട്ടുള്ളത്. തുക എങ്ങനെ വഴിമാറിയെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ യൂനിയന്‍ ഭാരവാഹികള്‍ക്ക് കഴിയുന്നുമില്ല. വീണ്ടും റിക്കവറി നോട്ടീസ് വന്നതോടെയാണ് ഓഫിസിന് മുന്നില്‍ ഉപരോധം നടത്താന്‍ തീരുമാനിച്ചതെന്ന് ഗുരുകാരുണ്യം യൂനിറ്റ് സെക്രട്ടറി പ്രിന്‍സി പറഞ്ഞു. സമരം ശക്തമായതോടെ പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിച്ചെങ്കിലും പരിഹാരമായിട്ടില്ല. 27ന് യൂനിയന്‍ കൗണ്‍സില്‍ വിളിച്ചിട്ടുണ്ടെന്നും ഇതിനുശേഷം പരിഹാരം കാണാമെന്നുമാണ് ഭാരവാഹികള്‍ പൊലീസിന് നല്‍കിയ ഉറപ്പ്. അതേസമയം, യൂനിറ്റുകള്‍ അടച്ച തുക യഥാസമയം തന്നെ ബാങ്കില്‍അടച്ചിട്ടുണ്ടെന്നും കുടിശ്ശിക വരുത്തിയ യൂനിറ്റുകളുടെ അക്കൗണ്ടുകളിലേക്ക് ബാങ്കുകാര്‍ വകമാറ്റിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും യൂനിയന്‍ സെക്രട്ടറി പ്രദീപ്ലാല്‍ അറിയിച്ചു. ബാങ്കുകള്‍ക്ക് സംഭവിച്ച വീഴ്ചക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.