ചെറായിയില്‍ ഗുരുമണ്ഡപം തകര്‍ത്ത സംഭവം: പ്രതികളെക്കുറിച്ച് സൂചനയില്ല

വൈപ്പിന്‍: ചെറായി ഗൗരീശ്വരത്തെ ശ്രീനാരായണഗുരു മണ്ഡപത്തിന്‍െറ ചില്ല് സാമൂഹികവിരുദ്ധര്‍ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഞാറക്കല്‍ സി.ഐ സി.ആര്‍. രാജു അറിയിച്ചു. 60ഓളം പേരെ ചോദ്യംചെയ്തു. എങ്കിലും പ്രതികള്‍ ആരെന്ന കാര്യത്തില്‍ ഇനിയും സൂചന ലഭിച്ചില്ല. ജില്ലക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്‍െറഭാഗമായി കൊടുങ്ങല്ലൂര്‍ മേഖലയിലുള്ള ചിലരെ നിരീക്ഷിച്ചുവരുകയാണ്. മണ്ഡപത്തിനുനേരെ അക്രമം നടന്ന രാത്രി ചെറായി ബീച്ചിലെ പ്രതിഭ വായനശാലക്ക് തീപിടിച്ചിരുന്നു. ഇരുസംഭവവും പരസ്പര ബന്ധമുള്ളതായാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. വായനശാലാ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞ സംഘത്തെ ചോദ്യംചെയ്തെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചില്ല. ഫോറന്‍സിക് പരിശോധന ഫലത്തിന്‍െറ റിപ്പോര്‍ട്ടും ലഭിച്ചില്ല. രണ്ട് സംഭവങ്ങളിലും പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെ പഴിചാരുകയാണ് സി.പി.എം. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം മുനമ്പം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗുരുമണ്ഡപവിഷയത്തില്‍ എസ്.എന്‍.ഡി.പി. യോഗം വൈപ്പിന്‍ യൂനിയനും ചെറായി വിജ്ഞാന വര്‍ധിനി സഭയും ഉപവാസസമരം സംഘടിപ്പിച്ചിരുന്നു. ബീച്ച് വായനശാല കത്തുന്ന ദൃശ്യങ്ങള്‍ വാട്ട്സ് ആപ് വഴി കൈമാറിയ വിവരം തെളിവായി കാണിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതായി ഡി.വൈ.എഫ്.ഐ വൈപ്പിന്‍ ബ്ളോക് സെക്രട്ടറി എ.പി. പ്രിനില്‍ പറഞ്ഞു. അക്രമസംഭവങ്ങള്‍ക്കു പിന്നിലെ പ്രതികളെ പിടികൂടിയില്ളെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രിനില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.