വടക്കേക്കരയില്‍ 12,000 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പറവൂര്‍: അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഒരു ടാങ്കര്‍ ലോറി മണ്ണെണ്ണ പൊലീസ് പിടികൂടി. 12,000 ലിറ്റര്‍ മണ്ണെണ്ണയാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്. റേഷന്‍ കടകള്‍ വഴി പൊതുവിതരണത്തിന് ഉപയോഗിക്കുന്ന നീല മണ്ണെണ്ണയാണ് പിടിച്ചത്. റേഷന്‍കടയില്‍ ലിറ്ററിന് 17 രൂപക്കാണ് ഇത് ജനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍, പൊതുമാര്‍ക്കറ്റില്‍ 50 രൂപയാണ് വില. വടക്കേക്കര മാല്യങ്കരയില്‍ പ്രവര്‍ത്തിക്കുന്ന എ വണ്‍ ഡീസല്‍ പമ്പിലേക്ക് വേണ്ടിയാണ് മണ്ണെണ്ണ കൊണ്ടുവന്നതെന്ന് വടക്കേക്കര എസ്.ഐ വി. ജയകുമാര്‍ പറഞ്ഞു. മീന്‍പിടിത്ത ബോട്ടുകള്‍ക്കും മറ്റ് എന്‍ജിന്‍ വള്ളങ്ങള്‍ക്കും ഡീസല്‍ നിറക്കുന്ന പമ്പാണിത്. ഡീസലില്‍ ചേര്‍ത്ത് വില്‍പന നടത്തുന്നതിനാണ് കൊണ്ടുവന്നതെന്നും എസ്.ഐ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് പമ്പിന്‍െറ പരിസരത്തുനിന്ന് മണ്ണെണ്ണ പിടികൂടിയത്. മണ്ണെണ്ണ ഡീലറായ ആലുവ എന്‍.എ.ഡി കോമ്പാറ മങ്ങാട്ട് വീട്ടില്‍ മൊയ്തീന്‍ (49) , പമ്പുടമ മുനമ്പം പനയ്ക്കല്‍ വീട്ടില്‍ ഫ്രാന്‍സീസ് (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ലോറി ഡ്രൈവറും ക്ളീനറും ഓടിരക്ഷപ്പെട്ടു. പ്രതികളെ പറവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എസ്.ഐ കൂടാതെ, ഗ്രേഡ് എസ്.ഐ പുഷ്കരന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജു, ഗോപാലകൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.