തൃപ്പൂണിത്തുറയിലെ ടോള്‍ കൊള്ളക്കെതിരെ പ്രക്ഷോഭം തുടങ്ങുന്നു

തൃപ്പൂണിത്തുറ: എസ്.എന്‍ ജങ്ഷന്‍ മേല്‍പാലത്തിലും ചിത്രപ്പുഴ പാലത്തിലും മിനി ബൈപാസിലും അനിശ്ചിതമായി തുടര്‍ന്നുവരുന്ന ടോള്‍ കൊള്ള അവസാനിപ്പിക്കുന്നതിന് ജനപങ്കാളിത്തത്തോടെ പ്രക്ഷോഭം തുടങ്ങാന്‍ ഞായറാഴ്ച ‘ട്രൂറ’യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് രൂപവത്കരിച്ച സമരസമിതിയുടെ ചെയര്‍പേഴ്സണായി നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, സെക്രട്ടറിയായി ട്രൂറ ചെയര്‍മാന്‍ വി.പി. പ്രസാദ് എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികള്‍ സമിതിയുടെ വൈസ് ചെയര്‍മാന്‍മാരായിരിക്കും. മുന്‍ ജില്ലാ പഞ്ചായത്തംഗം ടി.പി. പൗലോസാണ് സമരസമിതി ട്രഷറര്‍. ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കുന്ന തൃപ്പൂണിത്തുറ നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ടോള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ബന്ധപ്പെട്ട അധികൃതര്‍ക്കെല്ലാം സമരസമിതി ഭാരവാഹികള്‍ നേരിട്ട് നല്‍കും. ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് അനുകൂല സമീപനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ളെങ്കില്‍ ഈ മാസം 25 മുതല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങും. തൃപ്പൂണിത്തുറയില്‍ തുടരുന്ന ടോള്‍ കൊള്ള അന്യായമാണെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ടോള്‍ നിയമ പ്രകാരവും വിവരാവകാശ നിയമപ്രകാരവും വ്യക്തമായിട്ടുള്ള സാഹചര്യത്തിലാണ് മൂന്ന് പാലങ്ങളിലും തുടര്‍ന്നുവരുന്ന ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് സമരസമിതി ആവശ്യപ്പെടുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ രണ്ട് പാലങ്ങളുടെ നിര്‍മാണചെലവ് 10,96,80,652 രൂപയാണ് ആര്‍.ബി.ഡി.സി.കെ മുടക്കിയിട്ടുള്ളത്. 2007 മുതല്‍ 2014-15 വരെ ആര്‍.ബി.ഡി.സി.കെക്ക് മൊത്തം ലഭിച്ച തുക 40,35,37,860 രൂപയാണ്. 2014-15 വരെയുള്ള ലാഭം 29,38,57,208 രൂപയും. ടോള്‍ ഇപ്പോഴും തുടരുന്നു. 10 കോടിയില്‍ താഴെ നിര്‍മാണ ചെലവുള്ള പാലങ്ങള്‍ക്ക് ടോള്‍ പാടില്ളെന്നാണ് സര്‍ക്കാര്‍ തീരുമാനം. 15 കിലോമീറ്റര്‍ അര്‍ധവൃത്താകൃതിയില്‍ ഒരുടോള്‍ മാത്രം നല്‍കിയാല്‍ മതിയാകുമെന്നിരിക്കെ വീണ്ടും ടോള്‍ നല്‍കേണ്ട അവസ്ഥയാണുള്ളത്. ആലോചനയോഗത്തില്‍ ട്രൂറ ചെയര്‍മാന്‍ വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, സി.പി.എം ഏരിയ സെക്രട്ടറി സി.എന്‍. സുന്ദരന്‍, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് വി.ആര്‍. വിജയകുമാര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ഒ.വി. സലീം, മുന്‍ കൗണ്‍സിലര്‍ ടി.പി. പൗലോസ്, ഐ.എന്‍.ടി.യു.സി നേതാവ് പി.ബി. സതീശന്‍, സ്വാതന്ത്ര്യസമരസേനാനി തിലകന്‍ കാവനാല്‍, സി.ബി. ആന്‍റണി, ട്രൂറ കണ്‍വീനര്‍ വി.സി. ജയേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി ഒട്ടേറെപേര്‍ ആലോചനയോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.