സംസ്ഥാനപാതക്ക് സമീപം ചട്ടം ലംഘിച്ച് കെട്ടിടനിര്‍മാണം വ്യാപകം

വൈപ്പിന്‍: സംസ്ഥാന പാതക്കരികില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് പഴയ കെട്ടിടങ്ങള്‍ പുതുക്കി നിര്‍മിക്കുന്നതായി പരാതി . വര്‍ഷങ്ങള്‍ പഴക്കമുള്ള പല കെട്ടിടങ്ങളും നിയമം അനുസരിച്ചുള്ള അകലത്തില്‍ റോഡുവക്കില്‍നിന്ന് മാറ്റിസ്ഥാപിക്കാതെ അതേസ്ഥലത്ത് തന്നെ പുനര്‍നിര്‍മിക്കുകയാണ്. അനധികൃത നിര്‍മാണത്തിന് പഞ്ചായത്തുകള്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. ചില പഞ്ചായത്ത് മെംബര്‍മാരും പ്രാദേശികമായി പ്ളാനും എസ്റ്റിമേറ്റും തയാറാക്കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് കാര്യങ്ങള്‍ നടത്തുന്നതായാണ് ആരോപണം. നിയമപരമായി മേല്‍ക്കൂര മാറ്റത്തിന് അപേക്ഷവെച്ചാണ് അനധികൃതമായി കെട്ടിടം പൂര്‍ണമായും പുതുക്കിനിര്‍മിക്കുന്നത്. അപേക്ഷയില്‍ പഞ്ചായത്ത് അനുമതി നല്‍കിക്കഴിഞ്ഞാല്‍ മേല്‍ക്കൂര ആദ്യം പൊളിച്ചുമാറ്റും. പിന്നീട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് അതില്‍ മേല്‍ക്കൂര വാര്‍ക്കുകയും പില്ലറുകള്‍ക്കിടയില്‍ ഇഷ്ടിക കെട്ടി പുതിയ ഭിത്തി തീര്‍ത്തശേഷം പഴയ ഭിത്തികള്‍ പൊളിച്ചു മാറ്റുകയാണ് പതിവ്. ഇതോടെ പഴയകെട്ടിടം നിന്നിടത്ത് പൂര്‍ണമായും പുതിയ കെട്ടിടമാകും. പഴയ കെട്ടിടങ്ങള്‍ പുതുക്കി നിര്‍മിക്കുമ്പോള്‍ റോഡ് സൈഡില്‍നിന്നും നിശ്ചിത ദൂരം നീക്കി നിര്‍മിക്കണമെന്ന ചട്ടം ലംഘിച്ചാണ് കെട്ടിടം പടുത്തുയര്‍ത്തുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും നിര്‍മാണങ്ങള്‍ സംസ്ഥാനപാതക്കരികില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റത്തിനായി നല്‍കിയ അപേക്ഷകള്‍ ഓരോന്നും പരിശോധിച്ചശേഷം സ്ഥലപരിശോധന നടത്തിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.