വരട്ടാര്‍ കൈയേറ്റം വ്യാപകം; കുടിവെള്ളം, പരിസ്ഥിതി പ്രശ്നം രൂക്ഷം

ചെങ്ങന്നൂര്‍: നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ പദ്ധതികളുമായി സര്‍ക്കാറും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ടു പോകുമ്പോള്‍ നീരൊഴുക്കുകളുടെ കൈയേറ്റം വ്യാപകമാകുന്നു. പമ്പാനദി ആദി പമ്പ മുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴാര്‍മംഗലം, ഇരവിപേരൂര്‍, ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന 14 കിലോമീറ്റര്‍ നീളം ഉണ്ടായിരുന്ന വരട്ടാര്‍ ഇപ്പോള്‍ അതിന്‍െറ പൂര്‍വ സ്ഥിതി കൈവിട്ടിരിക്കുകയാണ്. ആറിന്‍െറ നിരവധി കൈത്തോടുകളും പ്രധാന ജലസ്രോതസ്സുകളും പലരുടെയും കൈവശമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വരട്ടാറിന്‍െറ പുനരുജ്ജീവനം നടത്തുന്നതിന്‍െറ ഭാഗമായി ചര്‍ച്ചകളും സെമിനാറുകളും മറ്റും നടന്നുവരുന്നു. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകരെയും ഇതിനായി പ്രവര്‍ത്തിക്കുന്നവരെയും കബളിപ്പിച്ചുകൊണ്ടാണ് സ്വകാര്യ വ്യക്തികള്‍ ഈ കൈയേറ്റങ്ങള്‍ മുഴുവന്‍ നടത്തിയിരിക്കുന്നത്. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന ജലസ്രോതസ്സായ വരട്ടാറിന്‍െറ കൈത്തോടാണ് കൈയേറിയിരിക്കുന്നത്. ബ്രിട്ടീഷ്കാര്‍ പണിയെടുപ്പിച്ച പഞ്ചസാര ഫാക്ടറിയിലേക്ക് കരിമ്പ്, മഴുക്കീര്‍, കോലടത്ത്ശ്ശേരി, തിരുവന്‍വണ്ടൂര്‍, വനവാതുക്കര, പ്രയാര്‍, മുറിയായിക്കര, നന്നാട്, ഇരമല്ലിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കൊണ്ടുപോയിരുന്നത് ഈ തോട്ടിലൂടെയായിരുന്നു. എന്നാല്‍, ഇന്ന് നീരൊഴുക്ക് മുഴുവന്‍ തടസ്സപ്പെടുത്തിയാണ് തോട് കൈയേറ്റം നടത്തിയിരിക്കുന്നത്. നീര്‍ത്തടം നികത്തിയതോടെ സമീപത്തുള്ള വീടുകളിലെ കിണറ്റിലെ വെള്ളത്തിന് ഓറഞ്ച് നിറമാണ്. ചിലയിടത്തു കിണറുകള്‍ വരണ്ടുതുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തോടിന്‍െറ ഇരുവശങ്ങളിലുമുള്ള കിണറുകളിലെ വെള്ളം തോട്ടിലെ ഉറവയായിരുന്നു. തോടിന് സമീപമുള്ള ഹോട്ടലുകളിലെ മാലിന്യങ്ങള്‍ തള്ളുന്നത് ഈ തോട്ടിലേക്കാണ്. നീരൊഴുക്ക് തടഞ്ഞതുമൂലം വലിയ ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. മഴുക്കീര്‍ ഇരമല്ലിക്കര റോഡിന് സമാന്തരമായാണ് വരട്ടാര്‍ ഒഴുകുന്നത്. തിരുവന്‍വണ്ടൂര്‍ സ്കൂളിനും സമീപവും, ക്ഷേത്രത്തിന് വടക്കുഭാഗത്തുമാണ് കൈയേറ്റങ്ങള്‍ മുഴുവന്‍ നടന്നിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിനും കൈയേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. മാലിന്യങ്ങള്‍ വര്‍ധിച്ചതോടെ ഈച്ചയും കൊതുകും പെരുകി. പരിസരവാസികള്‍ക്ക് ശരീരമാസകലം ചൊറിഞ്ഞുപൊട്ടി കറുത്ത നിറമായി മാറുകയാണ്. കൈയേറ്റം മൂലം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളംപോലും ഇല്ലാതെയാക്കി. നെല്‍കൃഷിക്കുപോലും ആവശ്യമായ വെള്ളം കിട്ടുന്നില്ളെന്ന് കര്‍ഷകര്‍ പരാതി പറയുന്നു. മാത്രമല്ല നന്നാട് പാടശേഖരങ്ങളിലും നിര്‍മാണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നിലംനികത്തല്‍ വ്യാപകമായി തുടരുന്നുവെന്നും പരാതി ഉയരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.