മുവാറ്റുപുഴ ആര്‍.ടി.ഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; 62000 രൂപ പിടിച്ചെടുത്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആര്‍.ടി.ഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡില്‍ 62,000 രൂപ പിടിച്ചെടുത്തു. ആര്‍.ടി.ഒയുടെ കാബിനിലുണ്ടായിരുന്ന ഓട്ടോ കണ്‍സള്‍ട്ടന്‍റുമാരുടെ പക്കല്‍നിന്നാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ബിജു മേനോന്‍െറ നേതൃത്വത്തിലെ സംഘം പരിശോധന നടത്തിയത്. മൂവാറ്റുപുഴ ആര്‍.ടി.ഒ ഓഫിസില്‍ അഴിമതി വ്യാപകമാണെന്ന പരാതിയത്തെുടര്‍ന്ന് ഒരാഴ്ചയായി വിജിലന്‍സിന്‍െറ നിരീക്ഷണത്തിലായിരുന്നു ഓഫിസ്. പെരുമ്പാവൂര്‍-കാലടി-മലയാറ്റൂര്‍ റൂട്ടില്‍ സ്വകാര്യബസിന് പെര്‍മിറ്റ് അനുവദിക്കുന്നതിന് ആര്‍.ടി.ഒ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ബസുടമകളായ പെരുമ്പാവൂര്‍ മാളിയേക്കല്‍ വല്‍സന്‍, കാലടി വിളങ്ങാട്ടില്‍ സുജിത്ത് എന്നിവര്‍ ചേര്‍ന്ന് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.പി നിശാന്തിനിക്ക് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് നിര്‍ദേശമനുസരിച്ച് ബാങ്കില്‍നിന്ന് പണം എടുത്ത് ഇതിന്‍െറ നമ്പര്‍ നോട്ട് ചെയ്ത ശേഷം പെര്‍മിറ്റ് അനുവദിക്കേണ്ട ബസിന്‍െറ നമ്പര്‍ കൂടി കവറിനുള്ളില്‍ എഴുതി ആര്‍.ടി.ഒയുടെ കാബിനിലത്തെി. എന്നാല്‍ പണം വാങ്ങിച്ചത് ഓട്ടോ കണ്‍സള്‍ട്ടന്‍റായിരുന്നു. ഈ സമയം, മറ്റ് രണ്ട് ഓട്ടോ കണ്‍സള്‍ട്ടന്‍റുമാര്‍ കൂടി കാബിനുള്ളിലുണ്ടായിരുന്നു. പരാതിക്കാര്‍ ഓട്ടോ കണ്‍സള്‍ട്ടന്‍റിന് പണം കൈമാറിയ ഉടന്‍ പുറത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം അകത്തുകയറി ഇവരെ പിടികൂടി. പരിശോധനയില്‍, ബാങ്കില്‍നിന്നെടുത്ത് മാര്‍ക്ക് ചെയ്തുനല്‍കിയ പണം ഉള്‍പ്പെടെ 62,000 രൂപ കണ്ടെടുത്തു.പ്രാഥമികാന്വേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു. വിവിധ തരം കാമറകള്‍ അടക്കം സന്നാഹങ്ങള്‍ ഒരുക്കിയാണ് വിജിലന്‍സ് ഓപറേഷന്‍ നടത്തിയതെങ്കിലും ആര്‍.ടി.ഒ പണം വാങ്ങാതിരുന്നതുമൂലം പദ്ധതി ഭാഗികമായി പാളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.