നഗരസഭ അടച്ച മാലിന്യ പൈപ്പുകള്‍ ഹോട്ടലുകാര്‍ തുറന്നു

ആലുവ: പ്രതിഷേധങ്ങളെ തുടര്‍ന്ന് നഗരസഭാ ജീവനക്കാര്‍ അടച്ച സ്വകാര്യ മലിനജല പൈപ്പുകള്‍ ഹോട്ടല്‍ അധികൃതര്‍ തുറന്നു. നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടെയാണ് തുറന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടയില്‍ പൊതുകാനകളിലേക്ക് മാലിന്യം തള്ളുന്നതിനെതിരെയുള്ള നടപടി നഗരസഭാ അധികൃതര്‍ മരവിപ്പിച്ചു. താല്‍പര്യമുള്ള വ്യാപാരികളെ സഹായിക്കാനാണ് ഭരണസമിതി ഉദ്യോഗസ്ഥരുടെ നടപടിക്ക് തുരങ്കം വെച്ചതെന്ന് ആരോപണമുണ്ട്. ബാങ്ക് കവല കടത്തുകടവ് റോഡില്‍ കാനകള്‍ നിറഞ്ഞ് മാലിന്യം റോഡില്‍ പരന്നിട്ട് മാസങ്ങളായി. എന്നാല്‍, കൗണ്‍സിലറോ നഗരസഭാ അധികൃതരോ ഇതിനെതിരെ നടപടിയും എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് മാലിന്യം ഒഴുക്കുന്ന പൈപ്പുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഉപരോധിച്ചിരുന്നു. ഇതിന്‍െറ ഭാഗമായാണ് രണ്ട് ദിവസം മുമ്പ് കെട്ടിടങ്ങളില്‍ നിന്ന് കാനയിലേക്ക് സ്ഥാപിച്ച പത്തോളം പൈപ്പുകള്‍ അടച്ചത്. കോണ്‍ക്രീറ്റും പി.വി.സി ക്യാപ്പും ഉപയോഗിച്ചാണ് അടച്ചത്. മാലിന്യം തടയാനുള്ള നടപടികള്‍ നിര്‍ത്തിയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.