40 പവന്‍ കവര്‍ന്ന സംഭവം: സാമൂഹിക വിരുദ്ധ സംഘമാകാമെന്ന് പൊലീസ്

അങ്കമാലി: മള്ളുശ്ശേരിയിലെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 40 പവനോളം സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തിന് പിന്നില്‍ സമീപവാസികളായ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ചെറിയ തോതില്‍ മോഷണം നടത്തുകയും, മദ്യത്തിനും, മയക്കുമരുന്നിനും അടിപ്പെട്ട സാമൂഹിക വിരുദ്ധ പശ്ചാത്തലമുള്ള സംഘമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സാഹചര്യത്തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍ പുറമെ നിന്നുള്ള മോഷ്ടാക്കളാകാന്‍ സാധ്യതയില്ല. റിട്ട. അധ്യാപകരായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയ സന്ദര്‍ഭം മോഷണത്തിന് തെരഞ്ഞെടുത്തതും, ഗേറ്റ് തുറക്കാതെ പറമ്പില്‍ പ്രവേശിച്ചതും, അടുക്കള വശത്ത് കൃഷിപ്പണിക്കുപയോഗിക്കുന്ന ആയുധങ്ങള്‍ വീടിന്‍െറ വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ചിട്ടുള്ളതും, മോഷണത്തിന്‍െറ രീതിയുമെല്ലാം പ്രാദേശിക മോഷ്ടാക്കളാകാനാണ് സാധ്യത സൃഷ്ടിക്കുന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന ജര്‍മന്‍നായ ഒരു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ ചത്തിരുന്നു. ഉറപ്പില്ലാത്തതിനാല്‍ വീടിന്‍െറ വാതിലുകള്‍ മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിക്കുകയും ചെയ്തു. മൂന്ന് ദിവസം പൂര്‍ണമായും വീട്ടില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ മോഷണ സംഘം കൂടുതല്‍ സമയം ചെലവഴിച്ചിട്ടുണ്ട്. പിറക്വശത്തെ ബാത്ത്റൂമില്‍ കയറി കുളിയും, പ്രാഥമികാവശ്യങ്ങളും നിര്‍വഹിച്ചാണ് മോഷ്ടാക്കള്‍ മടങ്ങിയത്. ഹൈദരാബാദില്‍ അധ്യാപകരായിരുന്ന കണ്ണമ്പുഴ വീട്ടില്‍ കെ.വി.പോളും, ഭാര്യ മേഴ്സിയും അഞ്ച് വര്‍ഷം മുമ്പാണ് മധുരപ്പുറം പാലത്തിന് സമീപം തറവാട്ട് വക സ്ഥലത്ത് വീട് നിര്‍മിച്ച് താമസമാരംഭിച്ചത്. പോളിന്‍െറ കുടുംബവുമായി കുടുതല്‍ അടുപ്പമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷിക്കും. അതേസമയം മുമ്പ് മോഷണത്തിന് പിടിയിലായവരും, ശിക്ഷ അനുഭവിച്ചവരുമായ എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ള മോഷ്ടാക്കളെ സംബന്ധിച്ചും ് അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.