വ്യാജരേഖ ചമച്ച ഉദ്യോഗസ്ഥനെ നിലനിര്‍ത്താന്‍ ശ്രമിച്ചെന്നാരോപണം നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ ബഹളം; മേയറെ ഉപരോധിച്ചു

കൊച്ചി : വ്യാജരേഖ ചമച്ച ഉദ്യോഗസ്ഥനെ നഗരസഭയില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളവും ഉപരോധവും. മേയര്‍ സൗമിനി ജെയിനിനെ ഒരുമണിക്കൂര്‍ ഉപരോധിച്ചതിനൊടുവില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഫയല്‍ പഠിക്കാന്‍ നല്‍കാമെന്ന് മേയര്‍ സമ്മതിച്ചു. നഗരസഭയിലെ സീനിയര്‍ ക്ളര്‍ക്കും കോണ്‍ഗ്രസ് സംഘടന നേതാവുമായ ഒ.വി ജയരാജനെ സംരക്ഷിക്കാന്‍ മേയര്‍ കോടതിയെ തെറ്റിധരിപ്പിച്ചു എന്നാരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. എട്ടുവര്‍ഷമായി ജയരാജന് കൊച്ചിയില്‍ തന്നെയാണ് ജോലി. ഇടക്ക് മഞ്ചേരിയിലേക്ക് സ്ഥലം മാറ്റി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തായിരുന്നു ഇത്്. ഭരണ സംവിധാനത്തെ സ്വാധീനിച്ച് ഒരു ദിവസത്തിനുശേഷം കൊച്ചിയിലേക്ക് തന്നെ ജയരാജന്‍ തിരിച്ചത്തെിയെന്നും എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് വി.പി ചന്ദ്രന്‍ യോഗത്തില്‍ ആരോപിച്ചു. വീണ്ടും സ്ഥലം മാറ്റം വന്നപ്പോള്‍ കോടതിയെ സമീപിച്ച് കൊച്ചിയില്‍ തുടരാനുള്ള അനുമതിയും നേടി. ഇതിനായി കോടതിക്ക് നല്‍കിയ രേഖകള്‍ വ്യാജമായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉദ്യോഗസ്ഥന്‍െറ സാന്നിധ്യം ആവശ്യമാണെന്നും പരിശീലകനായി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ജൂലൈ 20ന് മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മേയര്‍ കത്തയച്ചു. എന്നാല്‍, ജൂലൈ 22നാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ മേയര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കുന്നത്. കത്ത് 26നാണ്് സെക്രട്ടറി കൈപ്പറ്റുന്നത്. 30നാണ് സമിതി രൂപീകരിക്കുന്ന ഉത്തരവ് ഇറങ്ങുന്നത്. ഈ തീയതികളാണ് കോടതിക്ക് നല്‍കിയപ്പോള്‍ തെറ്റിധാരണയുണ്ടാക്കിയത്. ഈ കാര്യങ്ങള്‍ കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍ ഉന്നയിച്ചപ്പോള്‍ അവസാനം മറുപടി പറയാമെന്ന് മേയര്‍ പറഞ്ഞതാണ് ബഹളത്തിന് വഴിവെച്ചത്. ആരോപണത്തിന് മറുപടി പറഞ്ഞിട്ട് മുന്നോട്ട് പോയാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പരിശീലകനായി ജയരാജനെ നിലനിര്‍ത്തേണ്ടത് ആവശ്യമായി വന്നതിനാലാണ് മന്ത്രിക്ക് കത്തെഴുതിയതെന്നും അത് നഗരസഭാ സെക്രട്ടറിയുടെ കത്ത് കിട്ടിയതിന് ശേഷമായിരുന്നു എന്നും മേയര്‍ മറുപടി പറഞ്ഞു. എന്നാല്‍, തൃപ്തി വരാതെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. വ്യാജരേഖ ചമച്ച മേയറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ബഹളത്തിനിടെ അജണ്ട പാസാക്കിയതായി അറിയിച്ച് മേയര്‍ യോഗം പിരിച്ചു വിട്ടു. തുടര്‍ന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ ഉപരോധിച്ചത്. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണി, കൗണ്‍സിലര്‍മാരായ വി.പി ചന്ദ്രന്‍, ബെന്നി ബഹ്നാന്‍, സി.കെ പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് കോര്‍പറേഷന്‍ നടപ്പാക്കിയ എബിസി പദ്ധതി പൂര്‍ണ പരാജയമാണെന്ന് കെ.ജെ ആന്‍റണി നേര¥ത്തേ യോഗത്തില്‍ പറഞ്ഞു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നുകളയണമെന്ന് ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കെ.ആര്‍ പ്രേംകുമാര്‍, പി.ഡി മാര്‍ട്ടിന്‍ തുടങ്ങിയവരാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം നിലവിലെ നിയമം തെരുവുനായ്ക്കളെ കൊല്ലുന്നതിന് അനുകൂലമല്ളെന്ന് മേയര്‍ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാല്‍ ഒരു എ.ബി.സി യൂനിറ്റുകൂടി സജ്ജമാക്കാനാകും. ഇതുവഴി കൂടുതല്‍ നായ്ക്കളെ വന്ധ്യംകരിക്കാനാകുമെന്നും മേയര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.