ദുരിതങ്ങള്‍ക്ക് നടുവില്‍ മൂവാറ്റുപുഴയിലെ ദുരന്തനിവാരണ സേന

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷന്‍ മന്ദിരം നഗരസഭ അനുവദിച്ച സ്ഥലത്ത് നിര്‍മിക്കാനുള്ള കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടു. എവറസ്റ്റ് കവലക്ക് സമീപമാണ് 15 സെന്‍റ് സ്ഥലം അനുവദിച്ചത്. സ്ഥലം ലഭിച്ചാല്‍ മന്ദിരം നിര്‍മിച്ചുനല്‍കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തത്തെുടര്‍ന്നാണ് ഹോമിയോ ആശുപത്രിക്ക് സമീപം നഗരസഭ സ്ഥലം നല്‍കിയത്. ആറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഗാരേജും ഓഫിസും ജീവനക്കാര്‍ക്ക് വിശ്രമമുറിയും ഉള്‍പ്പെടെ സൗകര്യങ്ങളോടെ മൂന്നരകോടി ചെലവുവരുന്ന ഓഫിസ് മന്ദിരത്തിന്‍െറ പ്ളാനാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍, തുടര്‍ നടപടിയില്ല. ഏതുനിമിഷവും നിലംപൊത്താവുന്നനിലയില്‍ സ്ഥിതിചെയ്യുന്ന ലത പാലത്തിനുസമീപത്തെ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനില്‍ ജീവഭയത്തോടെയാണ് ജീവനക്കാര്‍ കഴിയുന്നത്. അപകടഭീഷണിയിലായതോടെ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാല്‍ എന്‍ജിനീയര്‍ തയാറായില്ല. അപകടം ഉണ്ടാകുന്നതിനുമുമ്പ് ഇവിടെനിന്ന് മാറണമെന്നാവശ്യപ്പെട്ട് നഗരസഭ പലതവണ ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, മറ്റൊരിടമില്ലാത്തതുമൂലം ദുരന്തത്തിന് ചെവിയോര്‍ത്ത് ഇവിടത്തെന്നെ പ്രവര്‍ത്തിക്കുകയാണ്. നാല് പതിറ്റാണ്ടുമുമ്പ് നഗരസഭ നിര്‍മിച്ചതാണ് മന്ദിരം. ഇവിടെ പ്രവര്‍ത്തിച്ച മറ്റു സ്ഥാപനങ്ങളെല്ലാം ജീവഹാനിഭയന്ന് മാറ്റി. 1980ല്‍ ആരംഭിച്ച ഫയര്‍സ്റ്റേഷന് സ്വന്തമായി ഓഫിസ് മന്ദിരം വേണമെന്ന ആവശ്യത്തിന് മൂന്നുപതിറ്റാണ്ടിന്‍െറ പഴക്കമുണ്ട്. ആദ്യം കടാതിയിലെ വാടകക്കെട്ടിടത്തില്‍ ആരംഭിച്ച സ്റ്റേഷന്‍ 15വര്‍ഷം മുമ്പ് നഗരസഭയുടെ ലത ഷോപ്പിങ് കോംപ്ളക്സിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ഫയര്‍ എന്‍ജിനും ആംബുലന്‍സും ജീവനക്കാരുമുള്ള സ്റ്റേഷനില്‍ പാര്‍ക്കിങ്ങിന് സ്ഥലമില്ല. എറണാകുളം, ഇടുക്കി ജില്ലകളിലെ ജലാശയങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും മറ്റു ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പരിശീലനം കൊടുക്കാനും വേണ്ടിയുള്ള സ്കൂബാ ഡൈവിങ് വിഭാഗത്തിന്‍െറ ആസ്ഥാനവും ഇവിടെയാണ്. പത്തോളം ജീവനക്കാരും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡൈവിങ് സ്കൂ ബാ ഉപകരണങ്ങളും ഇവിടെയുണ്ട്. ഇവ സൂക്ഷിക്കാന്‍ സൗകര്യവുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.