പ്രവര്‍ത്തനം നിലച്ച് ഇടക്കൊച്ചി പൊലീസ് എയ്ഡ് പോസ്റ്റ്

പള്ളുരുത്തി: എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ഇടക്കൊച്ചി പാലത്തില്‍ ഇടക്കൊച്ചി കരയില്‍ രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിനുസമീപം സുരക്ഷാനടപടികള്‍ മുന്‍നിര്‍ത്തി പൊലീസ് എയ്ഡ്പോസ്റ്റ് വേണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തോളം പ്രവര്‍ത്തിച്ചെങ്കിലും തുടര്‍ന്ന് താഴ് വീഴുകയായിരുന്നു. നേരത്തേ പാലത്തിന് മറുകരയില്‍ അരൂരില്‍ ചെക്പോസ്റ്റും പൊലീസ് സ്റ്റേഷനും പ്രവര്‍ത്തിച്ചിരുന്നു. ചെക് പോസ്റ്റ് നിര്‍ത്തലാക്കിയതിനു പിന്നാലെ പൊലീസ് സ്റ്റേഷന്‍ ഇവിടെനിന്ന് ചന്തിരൂരിലേക്ക് മാറ്റി. ഇതോടെയാണ് ഇരുകരയും ബന്ധിപ്പിക്കുന്ന മേഖലയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമായത്. ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിലെ തിരക്കും കൂടി കണക്കിലെടുത്ത് പാലത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച എയ്ഡ് പോസ്റ്റാണ് പ്രവര്‍ത്തനരഹിതമായത്. അതേസമയം, പള്ളുരുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുമ്പളങ്ങിയില്‍ പുതിയ എയ്ഡ്പോസ്റ്റ് വന്നതോടെ ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് ഇടക്കൊച്ചി എയ്ഡ് പോസ്റ്റ് അടച്ചിടേണ്ടി വന്നതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍, പള്ളുരുത്തി പൊലീസ് സ്റ്റേഷന്‍ ഇടക്കൊച്ചിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ പൊലീസിന്‍െറ സഹായം ലഭിക്കുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. ഒട്ടേറെ മത്സ്യ സംസ്കരണ ശാലകള്‍, മറ്റ് വ്യവസായസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രത ഏറിയ മേഖലയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.