സി.ഐ.എസ്.എഫ്–എമിഗ്രേഷന്‍ ജീവനക്കാര്‍ തമ്മില്‍ വിമാനത്താവളത്തില്‍ കൈയാങ്കളി

നെടുമ്പാശ്ശേരി: ഡ്യൂട്ടിക്കിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ടെര്‍മിനലിന് പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ സി.ഐ.എസ്.എഫ് പരിശോധനക്ക് മുതിര്‍ന്നത് കൈയാങ്കളിയില്‍ കലാശിച്ചു. കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏതാനും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. ഡ്യൂട്ടിക്കിടെ സ്വര്‍ണവുമായി പുറത്തുകടന്നാണ് കള്ളക്കടത്തുകാരെ ഇവര്‍ സഹായിച്ചിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന പരിശോധന നടത്തുമ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മന$പൂര്‍വം എതിര്‍ക്കുകയാണെന്നാണ് സി.ഐ.എസ്.എഫിന്‍െറ പരാതി. ഇത്തരത്തിലുള്ള ഗൗരവമായ പ്രശ്നങ്ങള്‍ പലപ്പോഴും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സംഭവം കൂടുതല്‍ വഷളാകുംമുമ്പ് എമിഗ്രേഷനിലെയും സി.ഐ.എസ്.എഫിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പറഞ്ഞുതീര്‍ത്തു. സി.ഐ.എസ്.എഫുകാര്‍ പലപ്പോഴും അപമാനിക്കുകയാണെന്നാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരാതി. എന്നാല്‍, ഡ്യൂട്ടി പാസ് പരിശോധനക്ക് ആവശ്യപ്പെടുമ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കാതെ തട്ടിക്കയറുകയാണെന്നാണ് സി.ഐ.എസ്.എഫിന്‍െറ വാദം. കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗം പലപ്പോഴും അവരുടെ കീഴിലുള്ള എമിഗ്രേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുന്നതുമൂലം തങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും സി.ഐ.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു. യൂനിഫോമുണ്ടായിട്ടും നിരവധി യാത്രക്കാരുടെയും സന്ദര്‍ശകരുടെയും മുന്നില്‍ മന$പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് എമിഗ്രേഷനിലെ ഉദ്യോഗസ്ഥന്‍െറ പരാതി. ഇദ്ദേഹം ഡ്യൂട്ടിക്കിടെ പുറത്തുപോയത് എന്തിനെന്ന് വ്യക്തമല്ല. ടെര്‍മിനല്‍ കവാടത്തില്‍ രണ്ടുപേര്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു. ഒരാള്‍ പാസ് നോക്കി പ്രവേശാനുമതി നല്‍കിയതാണ്. എന്നിട്ടും, മറ്റെയാള്‍ വീണ്ടും പാസ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനോട് സഹകരിക്കാന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. തുടര്‍ന്നാണ് പിടിവലിയുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാസ് പരിശോധനയെച്ചൊല്ലി സി.ഐ.എസ്.എഫുകാരും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പിടിവലിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ച സംഭവമുണ്ടായതാണ്. ഇതിനുശേഷം ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ പ്രത്യേക സംവിധാനം എല്ലാ വിമാനത്താവളങ്ങളിലും സജ്ജീകരിക്കുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് നിര്‍ദേശം നല്‍കിയെങ്കിലും നെടുമ്പാശ്ശേരിയില്‍ ഇതൊന്നും നടന്നില്ല. ടെര്‍മിനല്‍ കവാടത്തില്‍ യാത്രക്കാരുമായും മറ്റും നല്ല രീതിയില്‍ പെരുമാറുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് സി.ഐ.എസ്.എഫും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കാത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.