റിസ്റ്റിയെ പ്രതി നോട്ടമിട്ടിരുന്നതായി വെളിപ്പെടുത്തല്‍

കൊച്ചി: എറണാകുളം പുല്ളേപ്പടിയില്‍ മയക്കുമരുന്നിന് അടിമയായ ആള്‍ പത്ത് വയസ്സുകാരനെ കുത്തിക്കൊന്നത് മനോനിലതെറ്റി പെട്ടെന്നുണ്ടായ സംഭവമല്ളെന്ന് സൂചന. പ്രതി അജി ദേവസ്യ ദിവസങ്ങളായി കുട്ടിയെ നോട്ടമിട്ട് നടന്നതായി കളിക്കൂട്ടുകാര്‍ പറയുന്നു. പുല്ളേപ്പടി പറപ്പിള്ളില്‍ ജോണിന്‍െറ മകന്‍ റിസ്റ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തല്‍. റിസ്റ്റിയുടെ സുഹൃത്തുക്കളാണ് വീട്ടുകാരെ ഇക്കാര്യം അറിയിച്ചത്. അജിക്ക് റിസ്റ്റിയുടെ പിതാവ് ജോണിനോട് നീരസമുണ്ടായിരുന്നു. അജി ആവശ്യപ്പെടുമ്പോള്‍ പണം നല്‍കാത്തതാണ് ഒരുകാരണം. ആദ്യമൊക്കെ അമ്പതും നൂറും രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും നല്‍കാറുമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ആവശ്യം വര്‍ധിച്ച് അഞ്ഞൂറ് രൂപവരെയായി. അന്നന്ന് ഓട്ടോ ഓടിച്ച് കുടുംബം കഴിയുന്ന തനിക്ക് ഇത്രയും പണമൊന്നും നല്‍കാനാകില്ളെന്ന് പറഞ്ഞതും നീരസത്തിന് കാരണമായതായി ജോണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അജിയുടെ ഉപദ്രവം ഭയന്ന് പല രാത്രികളിലും മാതാവ് പെട്രീഷ്യ അഭയം തേടിയിരുന്നത് അയല്‍വാസികൂടിയായ ജോണിന്‍െറ വീട്ടിലായിരുന്നു. ഉപദ്രവം സഹിക്കാതെവരുമ്പോള്‍ പെട്രീഷ്യ പൊലീസില്‍ വിവരമറിയിക്കും. പൊലീസ് എത്തി വിവരം അന്വേഷിക്കുന്നത് അയല്‍പക്കത്ത് താമസിക്കുന്ന ജോണിനോടായിരുന്നു. ജോണ്‍ നിജസ്ഥിതി പറഞ്ഞുകൊടുക്കുന്നതും വൈരാഗ്യത്തിന് കാരണമായി. ജോണിനെ നേരിടാന്‍ കരുത്തില്ലാതിരുന്ന അജി, റിസ്റ്റിയെ നോട്ടമിടുകയായിരുന്നു. ശനിയാഴ്ച നടക്കാനിരുന്ന ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് അജിയുടെ വീട്ടില്‍ ക്ഷണിക്കാന്‍ പോയത് ജോണും റിസ്റ്റിയും കൂടിയായിരുന്നു. ഈ സമയത്ത് അജി അവിടെ ഉണ്ടായിരുന്നു. ശനിയാഴ്ച ആദ്യകുര്‍ബാന നടക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാകാം അതിനുമുമ്പ് ഈ ക്രൂരകൃത്യം ചെയ്യാന്‍ അജി തീരുമാനിച്ചത്. ദിവസങ്ങളായി റിസ്റ്റിയും കൂട്ടുകാരും കളിക്കുന്നിടത്ത് അജി റിസ്റ്റിയെ സൂക്ഷിച്ച് നോക്കിനില്‍ക്കുമായിരുന്നത്രേ. അയല്‍വാസിയും പരിചയക്കാരനും എന്നനിലക്ക് കുട്ടികള്‍ ഇത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍, അറുകൊല നടന്നതോടെയാണ് കുട്ടികള്‍ ഇക്കാര്യം ഓര്‍ത്തെടുത്ത് ബന്ധുക്കളോട് പറഞ്ഞത്. ലഹരി ഉപയോഗത്തിന് പണമില്ലാതെവരുമ്പോള്‍ അജി പണം ചോദിച്ച് ശല്യപ്പെടുത്താറുള്ളതായും പരിസരവാസികള്‍ പറയുന്നു. പണം നല്‍കിയില്ളെങ്കില്‍ ഉപദ്രവിക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു. വഴിയെപോകുന്ന സ്ത്രീകളെ ആക്രമിക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.