ഫിഷറീസ് സര്‍വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കൊച്ചി: ഫിഷറീസ് സര്‍വകലാശാല അധ്യാപക നിയമനം നിര്‍ത്തിവെച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കുഫോസ് ഫോറം. 2015 സെപ്റ്റംബറില്‍ തുടങ്ങിയ നിയമനങ്ങളില്‍ സംവരണം പാലിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ യു.ജി.സി അനുശാസിക്കുന്ന രീതിയില്‍ നിയമനം നടത്തിയപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന സര്‍ക്കാര്‍ ഇത്തവണ നിയമനം തടഞ്ഞുവെച്ചത് മുന്‍ വൈസ് ചാന്‍സലറുമായുള്ള അഭിപ്രായവ്യത്യാസം കൊണ്ടാണെന്നാണ് ആരോപണം. പട്ടികജാതി, പട്ടികവര്‍ഗം, മുസ്ലിം, ലത്തീന്‍കത്തോലിക്ക പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നഷ്ടപ്പെട്ടുവെന്ന് പരാതികളുണ്ടെങ്കിലും പിന്നീട് അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. അതോടൊപ്പം യു.ജി.സി നിഷ്കര്‍ഷിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്കും നെറ്റ് യോഗ്യതയില്ലാത്ത ചിലര്‍ക്കും അനധികൃതമായി നിയമനം നല്‍കിയെന്നും ആരോപണമുണ്ട്. സര്‍വകലാശാലയുടെ പുതിയ ഭരണസമിതിയും വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഫിഷറീസ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിസമ്മതിക്കുന്നതാണ് പ്രധാന കാരണം. പുതിയ നിയമനങ്ങളില്ലാതെ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിയാത്തതും സര്‍വകലാശാലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യു.ജി.സി അംഗീകാരത്തിനായി മുന്‍ വൈസ് ചാന്‍സലര്‍ ധിറുതിപിടിച്ച് ചെയ്ത ചില വഴിവിട്ട നീക്കങ്ങളാണ് ഇതിന് കാരണമെന്ന് പുതിയ ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് അധ്യാപക നിയമനകാര്യത്തില്‍ സര്‍ക്കാര്‍ തീര്‍പ്പ് കല്‍പിക്കാത്തതെന്നും കുഫോസില്‍ ഒൗദ്യോഗികമായ മറ്റ് പ്രതിസന്ധികളില്ളെന്നും ഭരണകക്ഷി സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.