നെടുമ്പാശ്ശേരി: സംസ്ഥാനാന്തര കഞ്ചാവ് മാഫിയ തലവനെ പിടികൂടുന്നതിന് ആന്ധ്രയിലേക്കുള്‍പ്പെടെ എക്സൈസ് സംഘം അന്വേഷണം വ്യാപിപ്പിക്കുമ്പോള്‍ അല്ലലില്ലാതെ തലവന്‍ വാട്സ് ആപ് വഴി ഇടനിലക്കാരുമായി കച്ചവടം തകൃതിയായി തുടരുന്നു. ഏപ്രില്‍ 13ന് ആലുവയില്‍ പത്തുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ആലുവ എക്സൈസിന്‍െറ സ്പെഷല്‍ സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് മാഫിയ തലവനായ ഫോര്‍ട്ട് കൊച്ചി സ്വദേശി ഷഫാനാണ് ഇവര്‍ക്ക് കഞ്ചാവ് കൈമാറിയതെന്ന് വെളിപ്പെട്ടത്. എന്നാല്‍, ഇയാള്‍ തന്‍െറ മൊബൈലുകള്‍ പലതും ഓഫാക്കി ഒളിവില്‍ പോയി. ഇയാളെ തേടി അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് ഇയാള്‍ വാട്സ് ആപ് നമ്പര്‍ വഴി പലരുമായും ഇടക്കിടെ ബന്ധപ്പെടുന്നുണ്ടെന്ന് വെളിപ്പെട്ടത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് ടവര്‍ ലൊക്കേഷനും മറ്റും അറിയണമെങ്കില്‍ പൊലീസ് ജില്ലാ മേധാവിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍, പലപ്പോഴും എക്സൈസിനെ ഇക്കാര്യങ്ങളിലൊന്നും പൊലീസ് സഹായിക്കുന്നില്ല. അതിനാല്‍ പല കേസുകളിലും ഒളിവിലുള്ള പ്രതികളെ യഥാസമയം പിടികൂടാന്‍ എക്സൈസിന് കഴിയാതെവരുന്നുമുണ്ട്. ഇതിനുമുമ്പ് ആലുവയില്‍ എട്ടരകിലോ കഞ്ചാവുമായി പിടിയിലായ കേസില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിനുമുമ്പാണ് വീണ്ടും കഞ്ചാവ് കേസില്‍ പ്രതിയാകുന്നത്. ഇയാളെ ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയേക്കുമെന്ന് അറിഞ്ഞതോടെയാണ് കീഴടങ്ങാന്‍ തയാറാകാത്തത്. ആന്ധ്ര സ്വദേശിനിയെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ആന്ധ്രയില്‍നിന്നും ഒഡിഷയില്‍നിന്നും സ്വന്തം വാഹനത്തിലാണ് കഞ്ചാവ് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.