കുടിവെള്ളം, പാര്‍പ്പിടം എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സ്ഥാനാര്‍ഥികള്‍

മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തിലെ കുടിവെള്ളം, പാര്‍പ്പിടം എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സ്ഥാനാര്‍ഥികള്‍. കൊച്ചി പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയിലാണ് സ്ഥാനാര്‍ഥികള്‍ ഇരുവരും പറഞ്ഞത്. കൊച്ചി നിയോജക മണ്ഡലത്തിലെ കുടിവെള്ളം, പാര്‍പ്പിടം, ഗതാഗതം എന്നിവ പരിഹരിക്കാനായില്ളെന്ന് ഇടത് സ്ഥാനാര്‍ഥി കെ.ജെ. മാക്സി, ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ദാമോദര പ്രഭു, കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി കെ.ജെ. ലീനസ് എന്നിവര്‍ കുറ്റപ്പെടുത്തി. കൊച്ചിയുടെ പേരില്‍ സ്മാര്‍ട്ട് സിറ്റി, മെട്രോ റെയില്‍ എന്നിവ വരുമ്പോള്‍ യഥാര്‍ഥ കൊച്ചി വികസനം മുരടിച്ച് പിന്നാക്കാവസ്ഥയിലാണെന്നും രാത്രി എട്ടു മണി കഴിഞ്ഞാല്‍ എറണാകുളത്തുനിന്നും കൊച്ചിയിലേക്ക് പൊതുഗതാഗത മാര്‍ഗങ്ങളില്ളെന്നും മൂവരും ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന നിയമം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെക്കാനോ വീടുകളുടെ അറ്റകുറ്റപ്പണി നടത്താനോ ആകുന്നില്ല. ഭവനരഹിതര്‍ക്കുള്ള പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ളെന്നും ഇവര്‍ കുറ്റപ്പെടുത്തി. ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായെന്നും മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലയിലെ കുടിവെള്ളക്ഷാമം ജനുറം പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പരിഹാരമാകുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്‍േറഷന്‍ പറഞ്ഞു. ചെല്ലാനം ഹാര്‍ബര്‍ സ്ഥലമെടുപ്പ് സംബന്ധമായ തര്‍ക്കം മൂലം വൈകി. തീരദേശ സംരക്ഷണത്തിന് പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ബി. സലാം, സെക്രട്ടറി കെ.കെ. റോഷന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.