ലിഫ്ട് അപകടം: കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് കുസാറ്റിന്‍െറ ആശ്വാസ ധനം

കൊച്ചി: കൊച്ചി സര്‍വകലാശാല കാമ്പസില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ലിഫ്ട് തകര്‍ന്ന് മരിച്ച തമിഴ്നാട് സ്വദേശി പഴനിവേലിന്‍െറ കുടുംബത്തിന് ആശ്വാസ ധനമായി രണ്ട് ലക്ഷം നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഗുരുതരമായി പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി രതീഷിന് 75,000 രൂപയും നല്‍കും. കാമ്പസില്‍ കരാറുകാരനുവേണ്ടി പണിയെടുത്തിരുന്നവരാണിവരെങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്താണ് സര്‍വകലാശാല തുക നല്‍കുന്നത് എന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത പറഞ്ഞു. സര്‍വകലാശാല കാമ്പസില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമാക്കാന്‍ ബന്ധപ്പെട്ട കരാറുകാര്‍ക്ക് കര്‍ക്കശമായ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കാമ്പസില്‍ അടുത്തിടെ ഉണ്ടായ ലിഫ്ട് അപകടത്തിന്‍െറ പശ്ചാത്തലത്തിലാണ് തീരുമാനം. കാമ്പസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ബില്‍ഡിങ് കോഡ് പ്രകാരമുള്ള സുരക്ഷിതത്വ ഏര്‍പ്പാടുകള്‍ നിര്‍ബന്ധിതമാക്കും. കാമ്പസില്‍ 24 മണിക്കൂറും ആംബുലന്‍സ് സര്‍വിസ് ഉറപ്പാക്കുന്നതിന് അടിയന്തര നടപടികളും സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.