വൈപ്പിന്‍: കൊല്ലം പരവൂരില്‍ ദുരന്തം വിഷുപ്പടക്ക വിപണിക്ക് കനത്ത തിരിച്ചടിയായി. ഇക്കുറി വില്‍പന നാലിലൊന്നായി കുറഞ്ഞതായാണ് കണക്ക്. പടക്ക നിര്‍മാണത്തില്‍ കേരളത്തിലെ ശിവകാശിയെന്ന പള്ളിപ്പുറം മേഖലയിലെ വ്യാപാരികള്‍ കടുത്ത നിരാശയിലാണ്. വിലക്കുറവിന്‍െറ വിപണി എന്നറിയപ്പെടുന്ന ചെറായി മേഖലയില്‍ വിഷുപ്പടക്ക വിപണി ഇക്കുറി തിളങ്ങിയില്ല. വിഷുക്കാലത്തുണ്ടായ പരവൂര്‍ വെടിക്കെട്ട് ദുരന്തമാണ് വിപണിയെ തളര്‍ത്തിയത്. ലൈസന്‍സുള്ള വ്യാപാരശാലകളില്‍ പോലും പൊലീസ് നിരന്തരം പരിശോധന നടത്തിയതിനാല്‍ പലപ്പോഴും വാങ്ങാന്‍ വിമുഖത കാണിച്ചു. ഇക്കുറിയാകട്ടെ ശിവകാശിയില്‍നിന്നും അവസാനഘട്ടം വരേണ്ട ലോഡുകളെല്ലാം ചെക് പോസ്റ്റ് വിട്ടു കിട്ടാത്തതിനാല്‍ ലോറികള്‍ തിരികെ പോകുകയും ചെയ്തു. മൊത്തക്കച്ചവടക്കാരില്‍നിന്നും വാങ്ങി വിവിധ മേഖലകളില്‍ കച്ചവടം നടത്തുന്ന തെരുവു കച്ചവടക്കാരെ പൊലീസ് തൂത്തുവാരിയതിനാല്‍ ഇവരും സാധനങ്ങള്‍ എടുത്ത് വില്‍ക്കാന്‍ കൂട്ടാക്കാതെ വന്നതോടെ ഉണ്ടാക്കിയ സാധനങ്ങളില്‍ പകുതിയും വില്‍ക്കാതെ കടയില്‍ തന്നെ ഇരിപ്പായി. ഇക്കുറി മുന്‍കാലങ്ങളെ അപേക്ഷിച്ച് കച്ചവടം നാലിലൊന്നായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. വായ്പയെടുത്ത് നിര്‍മാണവും വ്യാപാരവും നടത്തുന്നവരെ ഇത് വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.