മനുഷ്യക്കടത്തിനെതിരായ ഹ്രസ്വചിത്രം ‘മകള്‍’ സീഡി പ്രകാശനം ചെയ്തു

തൊടുപുഴ: കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ സൗത് ഏഷ്യന്‍ കോളജ്, കോഴിക്കോടിന്‍െറ സഹായത്തോടുകൂടി തയാറാക്കിയ ഹ്രസ്വചിത്രം ‘മകള്‍’ പ്രകാശനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍.കെ. ജയ കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ കോഓഡിനേറ്റര്‍ കെ.എസ്. രാജീവിന് കോപ്പി നല്‍കിയാണ് പ്രകാശനം നടത്തിയത്. സ്കൂള്‍ വിദ്യാര്‍ഥിനിയെ മനുഷ്യക്കടത്തിന് ഇരയാക്കി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതും അവിടെനിന്ന് കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നതുമായ കാര്യങ്ങളാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഹ്രസ്വ സിനിമ പുറത്തിറങ്ങുന്നതോടുകൂടി മനുഷ്യക്കടത്തിന്‍െറ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനും ഇതിനെതിരെയുള്ള പ്രതിരോധനടപടി സ്വീകരിക്കുന്നതിനുമുള്ള അറിവ് ലഭിക്കുന്നതാണ്. ചിത്രത്തിന്‍െറ കോപ്പി എല്ലാ ജില്ലാ മിഷനുകളിലും എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍െറ അണിയറ പ്രവര്‍ത്തകര്‍ കുടുംബശ്രീ ജില്ലാ മിഷനിലെ ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ഫണ്ടുപയോഗിച്ച് കുടുംബശ്രീ ജില്ലാമിഷന്‍െറ നേതൃത്വത്തില്‍ ദേവികുളം ബ്ളോക്കില്‍ പൈലറ്റ് അടിസ്ഥാനത്തിലാണ് ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് പദ്ധതി നടപ്പാക്കിവരുന്നത്. ഇതിന്‍െറ ഭാഗമായി മൈഗ്രേഷന്‍ സെന്‍റര്‍ ദേവികുളത്ത് ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ദേവികുളം ബ്ളോക് കൂടാതെ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, വയനാട്ടിലെ മാനന്തവാടി എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതിയില്‍ മനുഷ്യക്കടത്തിന്‍െറ ദൂഷ്യഫലം അനുഭവിക്കുന്നവരെ കണ്ടത്തെുന്നതിനുവേണ്ടി സര്‍വേ നടത്തി ഹൈറിസ്ക് ഗ്രൂപ്പിലുള്ളവരെ കണ്ടത്തെിയിട്ടുണ്ട്. ഇവര്‍ക്ക് ധനസഹായ വിതരണം നടത്തിയിട്ടുണ്ട്. എറണാകുളം ടൗണ്‍ ഹാളില്‍വെച്ച് ചേര്‍ന്ന യോഗത്തില്‍ സൗത് ഏഷ്യന്‍ കോളജ് സി.ഇ.ഒ ദീപ്തിഷ് ഹ്രസ്വചിത്രത്തെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍മായ കെ.എസ്. രാജീവ് (ഇടുക്കി), ടാനി തോമസ് (എറണാകുളം), സി. ശോഭാലക്ഷ്മി (കോട്ടയം), മജീദ് (കാസര്‍കോട്), അസി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍മാരായ ഷൈന്‍ എം. സിറിയക്, തോമസ് ചാക്കോ (ഇടുക്കി), സന്തോഷ് അഗസ്റ്റിന്‍ (എറണാകുളം), സുരേഷ് (പത്തനംതിട്ട), സംസ്ഥാന കുടുംബശ്രീ മിഷനിലെ ജീവനക്കാര്‍, ഫ്രെയിംശ്രീ സംരംഭകരായ കുടുംബശ്രീ പ്രവര്‍ത്തകര്‍, സൗത് ഏഷ്യന്‍ കോളജിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.