കടുത്ത വേനലില്‍ കൃഷി നശിക്കുന്നു

അടിമാലി: വേനല്‍ ചൂടിന്‍െറ കാഠിന്യമേറിയതോടെ ഹൈറേഞ്ചിലെ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുന്നു. ഹൈറേഞ്ചില്‍ ഏറ്റവും കൂടുതല്‍ ജാതി കൃഷിയുള്ള കൊന്നത്തടി പഞ്ചായത്തില്‍ ചതുരക്കള്ളിപ്പാറയില്‍ നിരവധി ജാതിമരങ്ങളാണ് വേനല്‍ച്ചൂടില്‍ ഉണങ്ങിയത്. മറ്റ് കാര്‍ഷിക വിളകള്‍ക്കും കത്തുന്നവെയില്‍ വന്‍ഭീഷണിയാണ്. പഞ്ചായത്തില്‍ 50ഓളം കര്‍ഷകരുടെ ജാതി നശിച്ചതായാണ് വിവരം. കനത്ത വിലത്തകര്‍ച്ചയും ഉല്‍പാദനക്കുറവും മൂലം പ്രതസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിച്ചിരുന്ന കൃഷി ജാതിയായിരുന്നു. വളര്‍ച്ചയത്തെിയ ഒരു ജാതിമരത്തില്‍നിന്ന് ശരാശരി വാര്‍ഷിക വരുമാനമായി 25,000 രൂപവരെ ലഭിച്ചിരുന്നതാണ്. എന്നാല്‍, നല്ലരീതിയില്‍ വരുമാനം ലഭിച്ചിരുന്ന ജാതിമരങ്ങള്‍ വേനല്‍ച്ചൂടിന്‍െറ കാഠിന്യത്തില്‍ ഉണങ്ങുകയാണ്. ചൂടിനെ പ്രതിരോധിക്കാനായി ജലം എത്തിക്കാന്‍ സാഹചര്യം ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ മുക്കടം ചതുരക്കള്ളിപ്പാറ മേഖലയിലാണ് ഉണക്ക് ബാധിച്ച് ജാതിമരങ്ങള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന മേഖലയുമാണ് ചതുരകള്ളിപ്പാറ. ഇവിടത്തുകാര്‍ ഉപയോഗിക്കുന്ന തോടും പൂര്‍ണമായി വറ്റിവരണ്ട അവസ്ഥയാണ്. ഇതോടെ കുടിക്കുന്നതിനും മറ്റ് ആവശ്യത്തിനും വെള്ളമില്ലാതെ കൃഷിക്കാരും കര്‍ഷക കുടുംബങ്ങളും ദുരിതത്തിലാണ്. വറ്റിവരണ്ട തോടിനുള്ളിലെ ചെറിയ വട്ടക്കുഴികളില്‍ കിടക്കുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പുചെയ്ത് വീട്ടിലത്തെിച്ച് ഉപയോഗിക്കുകയാണ് പലരും. ഇത്തരത്തിലുള്ള വെള്ളം മലിനവുമാണ്. ചിലര്‍ ഈ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് മണല് നിറച്ചിട്ടിരിക്കുന്ന ചെറിയ പടുതാ കുഴിയില്‍ എത്തിക്കുകയും പിന്നീട് ചെറിയ ഹോസിലൂടെ അരിച്ചെടുത്താണ് ഉപയോഗിക്കുകയും ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.