വിലക്കുറവില്ലാത്ത വിഷുവിപണി

തൃപ്പൂണിത്തുറ: വിഷു പുലരിക്ക് ഒരുനാള്‍ മാത്രം അവശേഷിക്കെ പൊതുവിപണിയിലടക്കം നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവൊന്നും അനുഭവപ്പെടുന്നില്ല. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം തുടങ്ങാത്തതും, സപൈ്ളകോ മാര്‍ക്കറ്റുകളില്‍ വിതരണ നിയന്ത്രണം ഏര്‍പ്പെടുത്തിയതും അവശ്യ വസ്തുക്കള്‍ പലതും ഇല്ലാത്തതുമൊക്കെയായ അവസ്ഥയില്‍ സാധാരണക്കാര്‍ ഏറെയും പൊതു വിപണിയെയാണ് ആശ്രയിക്കുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ പ്രാദേശികതലങ്ങളിലടക്കം വലിയ വര്‍ധന ഉണ്ടായിട്ടും വിപണികളില്‍ അവക്ക് കാര്യമായ വിലക്കുറുവൊന്നുമില്ല. രണ്ടാഴ്ച മുമ്പുവരെ വിലക്കുറവ് ഉണ്ടായിരുന്ന പച്ചക്കറി സാധനങ്ങള്‍ക്കെല്ലാം ഒരാഴ്ചയായി ക്രമേണ വില കൂടുന്ന അവസ്ഥയാണ്. ഒരുകിലോ സവാള 14 രൂപക്കും തക്കാളി 10 രൂപക്കും കിട്ടിയിരുന്ന സ്ഥലത്ത് സവാളക്ക് 25 രൂപയും തക്കാളിക്ക് 20 രൂപയും നല്‍കണം. മറ്റു സാധനങ്ങളുടെയും വിലയിലും വര്‍ധന തന്നെയാണ്. വിഷുക്കണിയൊരുക്കാന്‍ വേണ്ട കണിവെള്ളരി കിലോക്ക് 30-40, ചക്ക കിലോ ഗ്രാമിന് 40രൂപ. ഒരെണ്ണം വാങ്ങാന്‍ വില 100 മുതല്‍ 250 വരെ വലുപ്പമനുസരിച്ച്. മാമ്പഴത്തിന് 120 രൂപയായിരുന്നത് ചൊവ്വാഴ്ച 160 രൂപയായി. പടക്ക വില്‍പന കടകള്‍ ഇത്തവണ നഗരത്തില്‍ ഏറെ കുറവായിരുന്നു. ലൈസന്‍സുള്ള വില്‍പന കടകളില്‍ ചൊവ്വാഴ്ച പടക്കം വാങ്ങാനും തിരക്കുണ്ടായി. മത്സ്യ-മാംസ വിപണിയിലും വില കൂടി തന്നെ നില്‍ക്കുകയാണ്. ബുധനാഴ്ച വീണ്ടും വില കൂടിയേക്കുമെന്നാണ് സൂചന. കണിയൊരുക്കാന്‍ വേണ്ട കൊന്നപ്പൂക്കള്‍ നേരത്തേ പൂത്ത് കൊഴിഞ്ഞു തീര്‍ന്നെങ്കിലും ക്ഷാമം ഉണ്ടാകാനിടയില്ല. വിഷു തലേന്ന് ബുധനാഴ്ചത്തെ കച്ചവടം പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ് വഴിയോര കച്ചവടക്കാരടക്കമുള്ള വ്യാപാരികളേവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.