ചാരായവാറ്റും അനധികൃത വിദേശമദ്യ വില്‍പനകേന്ദ്രങ്ങളും സജീവം

ചാരുംമൂട്/ ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പും പ്രാദേശികമായ ഉത്സവങ്ങളും ലക്ഷ്യമിട്ട് വ്യാജമദ്യ നിര്‍മാണവും ചാരായവാറ്റും സജീവം. കാര്‍ത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലും നൂറനാട് എക്സൈസ് റേഞ്ച് ഓഫിസിന്‍െറ പരിധിയിലും ചാരായവാറ്റും വ്യാജമദ്യ വില്‍പനയും വ്യാപകമാണ്. എക്സൈസ് അധികൃതരുടെ റെയ്ഡും അറസ്റ്റും ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും ഇതിനെ ഭയക്കാതെ കൂടുതല്‍ സ്ഥലങ്ങളില്‍ വാറ്റും വില്‍പനയും തകൃതിയാവുകയാണ്. നൂറനാട് എക്സൈസ് റേഞ്ച് ഓഫിസിന്‍െറ പരിധിയിലെ രഹസ്യകേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ലിറ്റര്‍ കോട ചാരായം നിര്‍മിക്കുന്നതിന് തയാറായിട്ടുണ്ടെന്നാണ് രഹസ്യവിവരം. വള്ളികുന്നം, താമരക്കുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലെ വയലോര പ്രദേശങ്ങളില്‍ നിരവധി വാറ്റുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. രാത്രിയാണ് സാധാരണയായി ചാരായ നിര്‍മാണം നടക്കുന്നത്. എന്നാല്‍, ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പകലും വ്യാജമദ്യം നിര്‍മിക്കുന്നതായി പറയുന്നു. വയലോരങ്ങളിലെ കാടുപിടിച്ച ഭാഗങ്ങളാണ് വാറ്റുകേന്ദ്രങ്ങളായി രൂപപ്പെടുന്നത്. ഈ കേന്ദ്രങ്ങളെക്കുറിച്ച് നാട്ടുകാര്‍ക്ക് അറിയാമെങ്കിലും പരാതിപ്പെടാന്‍ ആരും തയാറാവാത്തതും ചാരായലോബിക്ക് സഹായമാകുന്നു. മേഖലയിലെ നിരവധി പ്രദേശങ്ങളില്‍ അനധികൃത വിദേശമദ്യ വില്‍പനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. താമരക്കുളം, കടുവിനാല്‍, ആദിക്കാട്ടുകുളങ്ങര, മറ്റപ്പള്ളി, കുടശ്ശനാട്, പയ്യനല്ലൂര്‍, നൂറനാട് പ്രദേശങ്ങളില്‍ അനധികൃത വിദേശ മദ്യക്കച്ചവടം വ്യാപകമായി നടക്കുന്നു. ചില വീടുകള്‍ കേന്ദ്രീകരിച്ച് മിനി ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് പെട്ടിക്കടകളിലും മദ്യം സുലഭമായി ലഭിക്കുന്നു. ഉത്സവങ്ങളും തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് ബിവറേജസ് ഷോപ്പുകളില്‍നിന്ന് വിദേശമദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ജോലിയും യഥേഷ്ടം നടക്കുന്നു. ബിവറേജസിലെ ജീവനക്കാരുടെ ചില ബന്ധുക്കളും സുഹൃത്തുക്കളും മദ്യലോബിയുടെ ഏജന്‍റുമാരാണെന്നും ആരോപണമുണ്ട്. എക്സൈസ്, പൊലീസ്, സ്പെഷല്‍ സ്ക്വാഡുകള്‍ എന്നിവര്‍ പരിശോധനക്കത്തെുമെന്ന് അറിഞ്ഞാല്‍ മൊബൈല്‍ സന്ദേശം വഴി വിപണനകേന്ദ്രങ്ങളില്‍ വിവരം അറിയിക്കാനും ഏജന്‍റുമാരുണ്ട്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ പൊതുസ്ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ക്കടുത്തും സ്കൂളുകള്‍ കേന്ദ്രീകരിച്ചും വാറ്റും വില്‍പനയും വ്യാപകമാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന ലക്ഷ്മിത്തോപ്പ്, ചിങ്ങോലി ചൂളത്തെരുവ്, എന്‍.ടി.പി.സി പരിസരം, ആറാട്ടുപുഴ വലിയഴീക്കല്‍, കാര്‍ത്തികപ്പള്ളി എരിക്കാവ്, വലിയകുളങ്ങര, കായംകുളം ഏവൂര്‍ പ്രദേശം തുടങ്ങി കാര്‍ത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ മദ്യമാഫിയ സംഘങ്ങളുടെ പിടിയിലാണ്. കാര്‍ത്തികപ്പള്ളി എക്സൈസ് അധികൃതര്‍ മാര്‍ച്ചില്‍ റെയ്ഡ് നടത്തി ഇരുപതോളം കേസെടുത്തിരുന്നു. വിവിധ കേസില്‍ 700 ലിറ്റര്‍ കോട, 10 ലിറ്റര്‍ സ്പിരിറ്റ്, 80 ലിറ്റര്‍ വ്യാജക്കള്ള്, 16 ലിറ്റര്‍ വിദേശമദ്യം, 16 ലിറ്റര്‍ അരിഷ്ടം, കടത്താന്‍ ഉപയോഗിച്ച ബൈക്കുകള്‍ എന്നിവ പിടിച്ചെടുക്കുകയും 22പേരെ അറസ്റ്റും ചെയ്തിരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് മദ്യനിര്‍മാണവും വില്‍പനയും അടുത്തകാലത്താണ് ശ്രദ്ധയില്‍പെട്ടതെന്ന് അധികൃതര്‍ പറയുന്നു. മദ്യത്തോടൊപ്പം മയക്കുമരുന്നും വില്‍പനക്കത്തെുന്നു. കരുവാറ്റയില്‍ സ്കൂള്‍ കേന്ദ്രീകരിച്ച് നടന്ന സ്പിരിറ്റ് കേസില്‍ മൂന്നുപേരെയാണ് അറസ്റ്റ്ചെയ്തത്. മറ്റ് മൂന്നുപേര്‍ ഒളിവില്‍ പോയതായും റെയ്ഡ് നടത്തിയ കാര്‍ത്തികപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. ജയരാജ് പറഞ്ഞു. നാട്ടുകാര്‍ സ്കൂള്‍ പരിസരം ശ്രദ്ധിക്കണമെന്നും വിവരങ്ങള്‍ 0479 2480570, 9400069504 നമ്പറുകളില്‍ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.