വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കാന്‍ ഒരുക്കം പൂര്‍ത്തിയായി

പൂച്ചാക്കല്‍: മൂന്നുവര്‍ഷം മുമ്പ് നിലച്ച വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. പുതുതായി ഭരണമേറ്റ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്‍െറയും വൈക്കം നഗരസഭയുടെയും സാരഥികളുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടിക്ക് തുടക്കംകുറിച്ചത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ ജങ്കാര്‍ സര്‍വിസ് ആരംഭിക്കുമെന്ന് ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ജ സലീം, വൈക്കം നഗരസഭാ ചെയര്‍മാന്‍ അനില്‍ വിശ്വാസ് എന്നിവര്‍ പറഞ്ഞു. സര്‍വിസ് ആരംഭിക്കുന്നതിന്‍െറ ഭാഗമായി നടന്ന ടെന്‍ഡറില്‍ ആദ്യത്തേതില്‍ ആരും പങ്കെടുത്തില്ല. രണ്ടാമത്തേതിലാണ് ധാരണയായത്. ഒരുവര്‍ഷത്തേക്ക് 3,52,000 രൂപക്കാണ് നിലവില്‍ കരാര്‍ ധാരണയായിട്ടുള്ളത്. നേരത്തേ അവസാനമായി ഇവിടെ സര്‍വിസ് നടത്തിയത് 10,30,000 രൂപക്കായിരുന്നു. അന്ന് സര്‍വിസ് നടത്തിയ കൊച്ചിന്‍ സര്‍വിസസിനുതന്നെയാണ് ഇത്തവണയും കരാര്‍ ഉറപ്പിക്കാന്‍ ധാരണയായിട്ടുള്ളത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കരാറും അതുപോലുള്ള നടപടികളും തെരഞ്ഞെടുപ്പിനുശേഷമേ നടക്കൂ. അവശ്യ സര്‍വിസ് എന്നനിലക്ക് ഏപ്രില്‍ ഒന്നിന് ജങ്കാര്‍ സര്‍വിസ് തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പ് കഴിയുന്നതിലേക്ക് മാറ്റിവെച്ചത്. വൈക്കം-തവണക്കടവ് റൂട്ടില്‍ 2002ല്‍ ആരംഭിച്ച ജങ്കാര്‍ സര്‍വിസ് ലാഭകരമല്ളെന്ന കാരണം പറഞ്ഞ് 2012ലാണ് നിര്‍ത്തലാക്കിയത്. കരാര്‍ കാലാവധി തീരുന്നതിനുമുമ്പേ നിര്‍ത്തലാക്കിയത് ചോദ്യംചെയ്ത് പഞ്ചായത്ത് അധികൃതര്‍ കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുകപോലും ചെയ്തു. പിന്നീട് ചേന്നം പള്ളിപ്പുറം പഞ്ചായത്തും വൈക്കം നഗരസഭയും സംയുക്തമായി ടെന്‍ഡര്‍ നടത്തിയെങ്കിലും ആരും വന്നില്ല. ഇതത്തേുടര്‍ന്ന് ജങ്കാര്‍ വാടകക്ക് എടുത്ത് നേരിട്ട് സര്‍വിസ് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. അപ്പോഴേക്കും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായതോടെ എല്ലാം തകിടംമറിഞ്ഞു. ജങ്കാര്‍ സര്‍വിസ് നിലച്ചതിനെതിരെ സമരം ചെയ്തവര്‍ ഭരണത്തിലത്തെി. ജനങ്ങളുടെ ഏറ്റവും പ്രാമുഖ്യമേറിയ ആവശ്യം എന്നനിലയിലാണ് ജങ്കാര്‍ സര്‍വിസിന് പ്രാധാന്യം കൊടുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ജ സലീമും വൈക്കം നഗരസഭാ ചെയര്‍മാന്‍ അനില്‍ വിശ്വാസും പറഞ്ഞു. സ്ഥലം എം.എല്‍.എമാരും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. ജങ്കാര്‍ നിലച്ചതോടെ കോട്ടയം ജില്ലയില്‍നിന്ന് പൂഴി, ചെങ്കല്ല്, പാറ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നവരാണ് ഏറെ വലഞ്ഞത്. ഒപ്പം വാഹനയാത്രക്കാരും അക്കരെയിക്കരെ എത്താന്‍ ചുറ്റിത്തിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.