കൊച്ചി: നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സി.പി.എം അംഗം ബെനഡിക്ട് ഫെര്‍ണാണ്ടസിന്‍െറ നിരാഹാരത്തില്‍ കലാശിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി ചര്‍ച്ചയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നടന്നത് തികഞ്ഞ രാഷ്ട്രീയ ചര്‍ച്ച. പദ്ധതിക്കുവേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. പ്രതിപക്ഷം അതിന് മുതിര്‍ന്നുമില്ല. നിര്‍ദേശങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട ഏജന്‍സിയായ ‘ഇക്റ’ പദ്ധതി അവതരിപ്പിച്ചെങ്കിലും അത് ഭൂരിപക്ഷം കൗണ്‍സിലര്‍മാര്‍ക്ക് മനസ്സിലായതുമില്ല. ‘ഇക്റ’ പ്രതിനിധിയുടെ അവതരണം തുടങ്ങിയത് ഇംഗ്ളീഷിലായിരുന്നു. അതോടെ അംഗങ്ങള്‍ അവതരണം മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. യു.ഡി.എഫ് അംഗം തമ്പി സുബ്രഹ്മണ്യന്‍ എഴുന്നേറ്റ് കൗണ്‍സില്‍ അംഗങ്ങളില്‍ പലര്‍ക്കും വിദ്യാഭ്യാസം കുറവാണെന്നും അവതരണം മലയാളത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. അവതരണത്തിനുശേഷം പ്രതിപക്ഷാംഗം അഡ്വ. എം. അനില്‍കുമാറാണ് ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. അദ്ദേഹം ‘ഇക്റ’ പ്രതിനിധിയോട് ആറ് ചോദ്യം ഉന്നയിച്ചു. പദ്ധതി ആരംഭിക്കേണ്ടത് കൗണ്‍സില്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്ന് പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടോ എന്നായിരുന്നു ആദ്യത്തേത്. വാര്‍ഡ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കണമെന്നത് കേരളത്തില്‍ ഈ സംവിധാനം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണോ എന്നും സ്മാര്‍ട്ട് സിറ്റി നടത്തിപ്പ് ഇതിനുവേണ്ടി രൂപവത്കരിക്കുന്ന സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ എന്ന പ്രത്യേക സംവിധാനത്തിനായിരിക്കുമോ അതോ നഗരസഭക്കായിരിക്കുമോ എന്നും അനില്‍ ചോദിച്ചു. സ്മാര്‍ട്ട് സിറ്റി നടത്തിപ്പ് ‘സിയാല്‍’ പോലെ ഒരു കമ്പനിക്കാവുമെന്നും സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ എന്നതിനോട് താന്‍ വിയോജിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സ്മാര്‍ട്ട് സിറ്റിക്ക് എതിരല്ല. വാര്‍ഡ് സഭ അടക്കമുള്ള നടപടികളോട് സഹകരിക്കും. പദ്ധതിയുടെ തുടക്കത്തില്‍ നഗരസഭ കേന്ദ്രത്തിന് സമ്മതം അറിയിക്കണമായിരുന്നു. ആ ഘട്ടത്തിലായിരുന്നു ഈ യോഗം ചേരേണ്ടിയിരുന്നത്. അന്ന് കക്ഷിനേതാക്കളുടെ യോഗം മേയര്‍ വിളിച്ചില്ളെന്ന് അനില്‍ കുറ്റപ്പെടുത്തി. അതേസമയം, പുറത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നിരാഹാരം കിടക്കുമ്പോള്‍ വീണ്ടും കൗണ്‍സില്‍ യോഗം വിളിച്ച് പ്രകോപനം ഉണ്ടാക്കിയത് ശരിയായില്ല. ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷസമരം അവസാനിപ്പിക്കില്ളെന്നും അനില്‍ പറഞ്ഞു. അനിലിന്‍െറ ചില സംശയങ്ങള്‍ ‘ഇക്റ’ പ്രതിനിധി ശരി വെച്ചു. എന്നാല്‍, കൗണ്‍സില്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്ന് പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടോ എന്ന അനിലിന്‍െറ ചോദ്യത്തെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ് വിമര്‍ശിച്ചു. സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ സംബന്ധിച്ച അനിലിന്‍െറ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു. അതെല്ലാം പ്രയോഗ തലത്തില്‍ കൊണ്ടുവരാനാവുമെന്ന് വിനോദ് പറഞ്ഞു. ബുധനാഴ്ച കാണിച്ച കൂട്ടായ്മ പ്രതിപക്ഷം കഴിഞ്ഞ വെള്ളിയാഴ്ച കാണിക്കണമായിരുന്നെന്ന് ലിനോ ജേക്കബ് പറഞ്ഞു. അഡ്വ. എന്‍.എ. ഷഫീഖ്, എം.പി. മഹേഷ് കുമാര്‍, ശ്യാമള എസ്. പ്രഭു, സുധ ദിലീപ്, തമ്പി സുബ്രഹ്മണ്യം, കെ.ആര്‍. പ്രേംകുമാര്‍, പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ്, സോജന്‍ ആന്‍റണി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.