തെരുവുനായ് ഉന്മൂലനസംഘം പ്രവര്‍ത്തനം തുടങ്ങി: ആക്രമണകാരികളായ ഏഴ് നായ്ക്കളെ കൊന്നൊടുക്കി

ആലുവ: ആക്രമണകാരികളും പേ പിടിച്ചവയുമായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്ത് തെരുവുനായ് മുക്ത കേരളം എന്ന ലക്ഷ്യത്തിന് പ്രവര്‍ത്തിക്കുന്ന തെരുവുനായ് ഉന്മൂലനസംഘം പെരുമ്പാവൂര്‍ പുല്ലുവഴി ഭാഗത്ത് ഏഴ് ആക്രമണകാരികളായ നായ്ക്കളെ വകവരുത്തി കുഴിച്ചുമൂടി. പെരുമ്പാവൂര്‍ പുല്ലുവഴി ജയകേരള സ്കൂളിന് സമീപത്തും അടുത്തുള്ള പള്ളി പരിസരങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടമായിരുന്നു. വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ഭീഷണി സൃഷ്ടിക്കുന്ന നായ്ക്കളെ വകവരുത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ ഹെഡ്മാസ്റ്ററും നാട്ടുകാരും സംഘടന പ്രതിനിധികളെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ പട്ടിപിടിത്തത്തില്‍ പരിശീലനം നേടിയ വരാപ്പുഴ സ്വദേശി രഞ്ജന്‍െറ സഹായത്തോടെ നായ്ക്കളെ പിടികൂടാന്‍ ആരംഭിച്ചത്. നായ്ക്കളെ പിടികൂടുന്നത് തടയാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറിയും പൊലീസും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയെങ്കിലും നാട്ടുകാര്‍ കക്ഷി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തു. പട്ടി പിടിത്തക്കാരനെ ഒരാഴ്ച പുല്ലുവഴിയില്‍ താമസിപ്പിച്ച് സമീപപ്രദേശങ്ങളിലെ പേ പിടിച്ചവയും ആക്രമണകാരികളുമായ നായ്ക്കളെ വകവരുത്താനാണ് സംഘടനയുടെ ശ്രമം. അതിന് നാട്ടുകാരുടെ പൂര്‍ണസഹകരണവുമുണ്ട്. രാത്രിയിലും പട്ടിപിടിത്തം തുടരാനാണ് പരിപാടി. ഒരാഴ്ചകൊണ്ട് പുല്ലുവഴി ഭാഗത്തെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി നശിപ്പിക്കുമെന്ന് തെരുവുനായ് ഉന്മൂലന സംഘം പ്രസിഡന്‍റ് ജോയി പെരുമ്പാവൂര്‍ പറഞ്ഞു. ആക്രമണകാരികളായ ഏഴ് നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയവര്‍ക്ക് പാരിതോഷികമായ 3500 രൂപ സംഘടന നല്‍കുമെന്ന് ചെയര്‍മാന്‍ ജോസ് മാവേലി അറിയിച്ചു. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ ഇതിനകം പലരും രംഗത്ത് വന്നിട്ടുണ്ടെന്നും നായ്ക്കളെ പിടികൂടി നശിപ്പിക്കുന്നവര്‍ക്ക് നായ് ഒന്നിന് 500 രൂപ പ്രതിഫലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.