ജുഡീഷ്യല്‍ അന്വേഷണമില്ല; കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫ്

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയതോടെ എല്‍.ഡി.എഫ് സമ്മര്‍ദത്തില്‍. നഗരസഭാ ഓഫിസിന് മുന്നില്‍ കഴിഞ്ഞ 10 ദിവസം പിന്നിട്ട നിരാഹാര സമരം തുടരുന്ന എല്‍.ഡി.എഫിന് ഇനി ആവശ്യം അംഗീകരിച്ചുകിട്ടും വരെ സമരം തുടരുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. അതേസമയം, ജുഡീഷ്യല്‍ അന്വേഷണാവശ്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി ബുധനാഴ്ച ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. കൗണ്‍സില്‍ യോഗത്തിന് കോടതി പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ട സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഇടത് കൗണ്‍സിലര്‍മാര്‍ ബുധനാഴ്ച പങ്കെടുത്തിരുന്നു. കൗണ്‍സില്‍ യോഗത്തിന് ശേഷം ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അംഗം ബെനഡിക്ട് ഫെര്‍ണാണ്ടസിന്‍െറ നേതൃത്വത്തില്‍ കൗണ്‍സില്‍ ഹാളില്‍ ആരംഭിച്ച നിരാഹാര സമരം രാത്രി വൈകിയും തുടരുകയാണ്. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിനുള്ളില്‍ കുത്തിയിരിന്നുള്ള സമരവുമുണ്ട്. അതേസമയം, ബലിപെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച അവധിയായതിനാല്‍ കൗണ്‍സിലര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കേണ്ടതില്ളെന്നാണ് ഭരണകക്ഷിയായ യു.ഡി.എഫിന്‍െറ തീരുമാനം. ഈ സാഹചര്യത്തില്‍ കൗണ്‍സിലിനുള്ളില്‍ പ്രവേശിക്കാന്‍ പൊലീസ് തയാറായിട്ടില്ല. വൈകുന്നേരം അഞ്ചിനുശേഷം കൗണ്‍സില്‍ ഹാളില്‍ സമരം നടത്തുന്നതിന്‍െറ അനൗചിത്യം ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി സമരം ചെയ്യുന്ന കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു. എന്നാല്‍, കൗണ്‍സില്‍ ഹാളില്‍തന്നെ സമരം തുടരുമെന്നാണ് ഇവര്‍ അറിയിച്ചത്. കൗണ്‍സില്‍ ഹാളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഈ ആവശ്യവും അധികൃതര്‍ പിന്‍വലിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.