ജില്ലയില്‍ സംവരണ വാര്‍ഡ് നറുക്കെടുപ്പ് 26നും 28നും

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനും സ്ത്രീകള്‍ക്കും സംവരണം ചെയ്ത വാര്‍ഡുകളുടെ നറുക്കെടുപ്പ് 26, 28 തീയതികളില്‍ നടക്കും. പഞ്ചായത്ത് വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 26, 28 തീയതികളിലും നഗരസഭാ വാര്‍ഡുകളുടെ നറുക്കെടുപ്പ് 28ന് കോര്‍പറേഷന്‍ ടൗണ്‍ഹാളിലും നടക്കും. രാവിലെ 10 മുതലാണ് നറുക്കെടുപ്പ്. 26ന് പറവൂര്‍, ആലങ്ങാട്, അങ്കമാലി, കൂവപ്പടി, വാഴക്കുളം, ഇടപ്പള്ളി, വൈപ്പിന്‍ ബ്ളോക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളും 28ന് പള്ളുരുത്തി, മുളന്തുരുത്തി, വടവുകോട്, കോതമംഗലം, പാമ്പാക്കുട, പാറക്കടവ്, മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുമാണ് നിശ്ചയിക്കുക. നഗരകാര്യ റീജനല്‍ ജോയന്‍റ് ഡയറക്ടര്‍ക്ക് കീഴില്‍ വരുന്ന കട്ടപ്പന, തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, വടക്കന്‍ പറവൂര്‍, ഏലൂര്‍, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, പിറവം, കളമശ്ശേരി നഗരസഭകളുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 28ന് രാവിലെ 10 മുതല്‍ കോര്‍പറേഷന്‍ ടൗണ്‍ഹാളില്‍ നടക്കും. ഗ്രാമപഞ്ചായത്തുകളില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടറെയും നഗരസഭകളില്‍ നഗരകാര്യ ജോയന്‍റ് ഡയറക്ടറെയും സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.