കാനയിലേക്ക് രഹസ്യമായി സ്ഥാപിച്ച മാലിന്യക്കുഴല്‍ കണ്ടത്തെി

അത്താണി: അത്താണിയിലെ പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും മാലിന്യം പൊതുകാനയില്‍ തള്ളാന്‍ രഹസ്യമായി സ്ഥാപിച്ചിരുന്ന മാലിന്യക്കുഴല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കണ്ടത്തെി. നെടുമ്പാശ്ശേരി പഞ്ചായത്ത് എല്ലാ വര്‍ഷവും നടത്താറുള്ള പൊതുകാന ശുചീകരണത്തിന്‍െറ ഭാഗമായി കരാറുകാരനെ ഉപയോഗിച്ച് അഴുക്കുകള്‍ നീക്കുന്നതിനിടെയാണ് കക്കൂസ് മാലിന്യമടക്കം തള്ളാനുപയോഗിച്ചിരുന്ന രഹസ്യ പൈപ്പുകള്‍ കണ്ടത്തെിയത്. അത്താണി മുതല്‍ കുന്നിശ്ശേരി, പനയക്കടവ് വരെ കക്കൂസ് മാലിന്യമടക്കം റോഡുകള്‍, പറമ്പുകള്‍, കുടിവെള്ള സ്രോതസ്സുകളിലടക്കമത്തെിയതോടെ നാട്ടുകാര്‍ ദുരിതത്തിലായിരുന്നു. ഇതേതുടര്‍ന്ന് അത്താണിയിലെ ഓട്ടോ തൊഴിലാളികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയായിരുന്നു. ബാര്‍ഹോട്ടലായ എയര്‍ലിങ്ക് കാസില്‍, ഡയാന ബാര്‍, ജോജോ സ്ക്വയര്‍ തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളില്‍നിന്നാണ് പൊതുകാനയിലേക്ക് മാലിന്യം തള്ളുന്നത്. മാലിന്യം പുറത്തൊഴുകി അസഹ്യമായ ദുര്‍ഗന്ധത്താല്‍ നാട്ടുകാര്‍ വലഞ്ഞതോടെ കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്‍െറ ഇടപെടല്‍മൂലം ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി സ്ഥാപിച്ച പൈപ്പുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് പഞ്ചായത്ത് അടച്ചിരുന്നു. എന്നാല്‍, വീണ്ടും പുതിയ ദ്വാരങ്ങളുണ്ടാക്കിയാണ് മാലിന്യം തള്ളുന്നത്. കാന നിറഞ്ഞ് സമീപത്തെ കല്‍പക നഗറിലെ റോഡിലും പറമ്പുകളിലും കിണറുകളിലും മറ്റും മാലിന്യം എത്തി. ദേശീയപാതയില്‍ ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഡയാന ബാറില്‍നിന്ന് വന്‍ അളവില്‍ മാലിന്യം തള്ളിയിരുന്നു. ജോജോ സ്ക്വയറിലെയും മാലിന്യം പൊതുകാനയിലേക്കാണ് തള്ളിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എയര്‍ലിങ് കാസില്‍ ഉപരോധിച്ചിരുന്നു. വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അതിനിടെ, മാലിന്യം തള്ളിയ സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ക്കെതിരെ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സി. ഷാജന്‍ അറിയിച്ചു. മാലിന്യംതള്ളിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.വൈ. വര്‍ഗീസ് അറിയിച്ചു. എന്നാല്‍, അധികൃതരുടെ ഒത്താശയോടെയാണ് മാലിന്യം കാനയില്‍ തള്ളുന്നതെന്നും ഇനിയും തള്ളാന്‍ ഇടയുണ്ടെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും ഓട്ടോ തൊഴിലാളികളടക്കമുള്ള നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.