മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ പുനരാരംഭിച്ച ഫെറി ബോട്ട് സര്‍വിസ് നടത്തുന്നത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ. ബോട്ടില്‍ അനുവദനീയമായതിനെക്കാല്‍ ഇരട്ടിയിലധികം യാത്രക്കാരെ കയറ്റിയാണ് സര്‍വിസ് നടത്തുന്നതെന്ന് വെള്ളിയാഴ്ച ഫോര്‍ട്ട്കൊച്ചി സബ്കലക്ടര്‍ എസ്. സുഹാസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. രാവിലെയും വൈകിട്ടും ഇരുന്നൂറിലധികം യാത്രക്കാര്‍ ബോട്ടില്‍ കയറുന്നുണ്ടെന്ന് ജീവനക്കാര്‍തന്നെ സബ്കലക്ടറെ അറിയിച്ചു. യാത്ര സൗജന്യമായതിനാല്‍ യാത്രക്കാരെ കയറ്റുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ആകെ 100 പേര്‍ക്ക് മാത്രമാണ് ബോട്ടില്‍ യാത്രചെയ്യാന്‍ കഴിയൂ. ഇതിനനുസൃതമായി ലൈഫ് ബോയകളും ജാക്കറ്റുകളും ബോട്ടില്‍ കരുതിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന അപകടത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബോട്ടില്‍ എത്രപേര്‍ യാത്ര ചെയ്യുന്നുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തതിനാല്‍ അപകടം നടന്നാല്‍ അത് വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കുമെന്ന് കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ സബ്കലക്ടറെ അറിയിച്ചു. വളരെ ലാഘവമായാണ് ബോട്ട് സര്‍വിസിനെ നഗരസഭ അധികൃതര്‍ കാണുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സബ്കലക്ടര്‍ യാത്രക്കാരോട് വിവരങ്ങള്‍ തിരക്കി. ബോട്ടിന്‍െറ വാതില്‍ ചെറുതായതിനാല്‍ യാത്രക്കാര്‍ അപകടത്തില്‍പെടുന്നുണ്ടെന്ന് യാത്രക്കാര്‍ സബ്കലക്ടറെ ധരിപ്പിച്ചു. അനുവദനീയമായതിനെക്കാല്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റരുതെന്ന് സബ്കലക്ടര്‍ ബോട്ട് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. നൂറ് ടോക്കണ്‍ ഉപയോഗിച്ച് യാത്രക്കാര്‍ കയറുമ്പോള്‍ നല്‍കുകയും ഇറങ്ങുമ്പോള്‍ തിരികെ വാങ്ങുകയും വേണമെന്ന് സബ്കലക്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ വെച്ചാല്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കുമെന്ന് ബോട്ട് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ ബോട്ടില്‍ പൊലീസിനെ നിയോഗിക്കാമെന്ന് സബ്കലക്ടര്‍ വ്യക്തമാക്കി. ഒരു കാരണവശാലും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ, തഹസില്‍ദാര്‍ ബീഗം താഹിറ, പി.എച്ച്. നാസര്‍ എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.