ബാര്‍ജ് യാത്രാബോട്ടാക്കി നഗരസഭയുടെ പരീക്ഷണം

മട്ടാഞ്ചേരി: ആലപ്പുഴ കൈനകരിയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ബാര്‍ജ് യാത്രാബോട്ടാക്കി നഗരസഭയുടെ പരീക്ഷണം ഇന്ന് ആരംഭിക്കും. കപ്പല്‍ ചാലിന് കുറുകെയുള്ള യാത്രക്ക് ബാര്‍ജ് അനുയോജ്യമല്ളെന്ന വിദഗ്ധരുടെ അഭിപ്രായം മറികടന്നാണ് യാത്രക്കാരുടെ ജീവന്‍ പണയംവെച്ചുള്ള പരീക്ഷണത്തിന് നഗരസഭ തയാറായിരിക്കുന്നതെന്നാണ് ആക്ഷേപം. അഴിമുഖത്ത് സര്‍വിസ് ആരംഭിച്ച കാലം മുതല്‍ പ്രത്യേകമായി രൂപ കല്‍പന ചെയ്ത ബോട്ടുകളാണ് ഉപയോഗിക്കുന്നത്. വേലിയിറക്കം, കപ്പല്‍ ചാലിന്‍െറ ആഴം, തിരമാലകള്‍ ഉയര്‍ത്തുന്ന തരംഗം എന്നിവ മുന്നില്‍ക്കണ്ടാണ് ജലനിരപ്പില്‍നിന്ന് അര മീറ്ററോളം താഴെയായി യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പാകത്തില്‍ അടിത്തട്ട് നിര്‍മിച്ച് സൗകര്യം ഒരുക്കിയ ബോട്ടുകള്‍ സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍ ബാര്‍ജില്‍ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത് ജലനിരപ്പില്‍നിന്ന് മുക്കാല്‍ മീറ്ററോളം ഉയരത്തിലുള്ള തട്ടിലാണ്. കപ്പലുകളുടെ യാത്രാവേളയില്‍ ഉയരുന്ന ഓളങ്ങള്‍ മൂലം ഉലയുവാന്‍ സാധ്യതയുണ്ടെന്നും, ഭയന്ന് യാത്രക്കാര്‍ ഒരു ഭാഗത്തേക്ക് നീങ്ങിയാല്‍ അപകട സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യാത്രാബോട്ടുകളില്‍ സുരക്ഷിതത്വം കണക്കിലെടുത്ത് സ്രാങ്കും ഡ്രൈവറും വേണമെന്നിരിക്കെ ബോട്ടാക്കി രൂപാന്തരപ്പെടുത്തിയ ബാര്‍ജില്‍ ഇത് രണ്ടും ഒരാളാണ് കൈകാര്യം ചെയ്യുന്നത്. പതിനൊന്നുപേരുടെ ജീവന്‍ അപഹരിച്ച ദുരന്തത്തിന്‍െറ മുറിപ്പാടുകള്‍ മായുന്നതിന് മുമ്പ് ബാര്‍ജിലെ യാത്ര ആളുകളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇതിലൂടെ യാത്രചെയ്യുന്നത്. ജങ്കാറും ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.