മട്ടാഞ്ചേരി: വൈപ്പിന്‍- ഫോര്‍ട്ട്കൊച്ചി ബോട്ട് സര്‍വിസും ജങ്കാര്‍ സര്‍വിസും ഞായറാഴ്ച പുനരാരംഭിക്കും. ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിനുശേഷം 18 ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് മേഖലയില്‍ പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇന്നത്തെ യാത്ര സൗജന്യമായിരിക്കുമെന്ന് മേയര്‍ അറിയിച്ചു. ഫോര്‍ട്ട്കൊച്ചി- വൈപ്പിന്‍കര നിവാസികളുടെ ദുരിതത്തിന് അറുതിവരുത്തിക്കൊണ്ട് പുതിയ ബോട്ട് ഞായറാഴ്ച രാവിലെ എട്ടിനാണ് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് യാത്രതിരിക്കുക. മേയര്‍ അടക്കമുള്ള നഗരസഭാ പ്രതിനിധികള്‍ ആദ്യ സര്‍വിസില്‍ കയറും. പുതിയ ബോട്ടിന്‍െറ കാര്യക്ഷമതയെച്ചൊല്ലിയുള്ള ആശങ്കകള്‍ക്കുകൂടി ഇതോടെ പരിഹാരമാകുകയാണ്. കഴിഞ്ഞ ബുധനാഴ്ച സര്‍വിസ് നടത്താനാകുമെന്നാണ് പരിശോധനാ ഓട്ടത്തിനുശേഷം മേയര്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍, ആലപ്പുഴ കൈനകരിയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഓടിയിരുന്ന ബാര്‍ജ് യാത്രാ ബോട്ടാക്കി രൂപപ്പെടുത്തിയതിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്നു. കപ്പല്‍ ചാലിന് കുറുകെ അഴിമുഖത്ത് 15 മീറ്റര്‍ ആഴമുള്ള മേഖലയില്‍ ബോട്ട് സര്‍വിസ് നടത്തുന്നതിനെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ബോട്ട് നിര്‍മാണമേഖലയില്‍ ഉള്ള വിദഗ്ധര്‍ തന്നെ വിമര്‍ശങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്നു. ഇതോടെ പരിശോധനാ നടപടികളും നീണ്ടു. ഇതേ തുടര്‍ന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും താമസം നേരിട്ടു. ദുരന്തത്തിനുശേഷം 18 ദിവസങ്ങളാണ് വൈപ്പിന്‍- ഫോര്‍ട്ട്കൊച്ചി നിവാസികള്‍ ഫെറി സര്‍വിസ് ഇല്ലാതെ ദുരിതത്തിലായത്. നഗരസഭയുടെ അനാസ്ഥമൂലം ബോട്ട് സര്‍വിസ് പുനരാരംഭിക്കാന്‍ കാലതാമസമെടുത്തു. ജലഗതാഗത വകുപ്പും വൈപ്പിന്‍- ഫോര്‍ട്ട്കൊച്ചി ബോട്ട് സര്‍വിസ് നടത്താന്‍ തയാറായില്ല. ഒരുകിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഫോര്‍ട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയില്‍നിന്ന് വൈപ്പിനിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും തയാറായില്ല. ഇതോടെ ഇരുകരകളിലുമുള്ളവര്‍ക്കും രണ്ടുകിലോമീറ്റര്‍ മാറിക്കിടക്കുന്ന അക്കര കടക്കാന്‍ പെടാപ്പാടുപെട്ടു. ഫോര്‍ട്ട്കൊച്ചി മേഖലയിലെ ആറ് വിദ്യാലയങ്ങളിലായി നൂറുകണക്കിന് വൈപ്പിന്‍ നിവാസികളായ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരും ജോലി തേടി പോകുന്ന വരുമടക്കമുള്ളവരാണ് കഴിഞ്ഞ 18 ദിവസങ്ങളായി ദുരിതത്തിലായിരുന്നത്. രണ്ടുകിലോമീറ്റര്‍ വീതിയിലുള്ള അഴിമുഖം കടക്കാന്‍ മൂന്ന് ബസുകള്‍ കയറി മറുകരയെത്തേണ്ട ഗതികേടിലായിരുന്നു പൊതുജനങ്ങള്‍. അഴിമുഖം കടന്നുള്ള നാവികസേനാ യാനങ്ങളുടെയും വള്ളങ്ങളുടെയും അമിത വേഗത്തിലുള്ള പാച്ചിലിന് തടയിടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.