സ്വകാര്യ ബസുകളുടെ മത്സരയോട്ടം; രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. വ്യാഴാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെ ഹൈകോടതി ഭാഗത്തായിരുന്നു ബസുകളുടെ മത്സരയോട്ടം. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍മാരായ ആലങ്ങാട്ട് കൊട്ടപ്പുറം കരയില്‍ ഈറാട്ട് വീട്ടില്‍ അബ്ദുല്‍കലാം(36), മൂലമ്പിള്ളി കരിപ്പുറത്ത് വീട്ടില്‍ രതീഷ് എന്നിവരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ബസുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നടപടികള്‍ക്കുശേഷം ബസുകള്‍ കോടതിയില്‍ ഹാജരാക്കും. ഇരു ബസുകളുടെയും പെര്‍മിറ്റ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കും. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്ന പൊലീസ് രണ്ടാഴ്ചയായി പരിശോധനാ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ബസുടമാ സംഘടനകള്‍ പണിമുടക്ക് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പൊലീസ് പിന്‍വാങ്ങിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അന്ന് പണിമുടക്ക് പിന്‍വലിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. ഇതിനുശേഷം മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം ബധിര യുവതിയും കുഞ്ഞും ബസില്‍നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് പൊലീസ് നടപടി കര്‍ശനമാക്കിയത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധനയും അല്ലാത്തപ്പോള്‍ ഉറങ്ങുകയുംചെയ്യുന്ന പൊലീസ് നടപടിക്കെതിരെ യാത്രക്കാരില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പരിക്കേറ്റ യുവതിയും കുഞ്ഞും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, അപകടകരമായി ഓടിക്കുന്ന സ്വകാര്യ ബസുകള്‍, കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസുകള്‍ , ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ , റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, മീറ്റര്‍ ഇടാതെ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.