ഭരണവിരുദ്ധ വികാരമുണ്ടാകുന്നത് വാക്കും പ്രവൃത്തിയും രണ്ടാകുമ്പോള്‍ –മുഖ്യമന്ത്രി

പെരുമ്പാവൂര്‍: ജനങ്ങളില്‍ ഭരണവിരുദ്ധ വികാരമുണ്ടാകുന്നത് നേതാക്കന്മാര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റണം. പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുകയും അവ നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ സംഘടിപ്പിച്ച കെ.ടി. ബോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ജനങ്ങളിലുള്ള ഒരുവികാരമാണ്. പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നേതാക്കന്മാര്‍ പ്രവര്‍ത്തിച്ചാല്‍ ഭരണവിരുദ്ധ വികാരം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ടി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, സാജു പോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, തിരുവനന്തപുരം സ്പിന്നിങ്മില്‍ ചെയര്‍മാന്‍ എം.പി. അബ്ദുല്‍ ഖാദര്‍, കെ.പി.സി.സി സെക്രട്ടറി അഡ്വ. ജെയ്സണ്‍ ജോസഫ്, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, മുന്‍ എം.പി കെ.പി. ധനപാലന്‍, മനോജ് മൂത്തേടന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.