ഫോര്‍ട്ടുകൊച്ചിയില്‍ യാത്രക്കായി കൊണ്ടുവന്ന ബോട്ടിനെച്ചൊല്ലി വിവാദം

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് ദുരന്തത്തിനിടയാക്കിയ ഫെറി ബോട്ടുകള്‍ക്ക് പകരം നഗരസഭ പുതുതായി സര്‍വിസ് നടത്താന്‍ കൊണ്ടുവന്ന ബോട്ടിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. രണ്ടാഴ്ച മുമ്പ് വരെ ആലപ്പുഴ കൈനിക്കരയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരുന്നു ബാര്‍ജാണ് പുതിയ സര്‍വിസ് ബോട്ടാക്കി മാറ്റാന്‍ കൊണ്ടുവന്നത്. അഴിമുഖത്ത് 1.5 മീറ്റര്‍ ആഴമുള്ള കപ്പല്‍ ചാലിന് കുറുകെയാണ് ബോട്ട് സര്‍വിസ് നടത്തേണ്ടത്. നേരത്തേ സര്‍വിസ് നടത്തിയിരുന്ന ബോട്ടുകളില്‍ യാത്രക്കാര്‍ നില്‍ക്കുന്നതിന് ജലനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ആഴത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്തായിരുന്നു ബോട്ടിന്‍െറ താഴത്തെട്ട് നിര്‍മിച്ചിരുന്നത്. കപ്പലുകള്‍ യഥേഷ്ടം കടന്നുപോകുന്ന മേഖലയായതിനാല്‍ ശക്തമായ ഓളങ്ങള്‍ മറികടക്കാനായിരുന്നു ഇത്തരത്തില്‍ പ്രത്യേക രീതി അവലംബിച്ചിരുന്നത്. പുതിയ ബാര്‍ജില്‍ യാത്രക്കാര്‍ നില്‍ക്കേണ്ട സ്ഥലം ജലനിരപ്പില്‍നിന്ന് ഉയര്‍ന്ന ഭാഗത്താണ്. വൈപ്പിനിലെ സ്വകാര്യ ബോട്ട് യാര്‍ഡിലാണ് ബാര്‍ജ് ബോട്ടാക്കിയുള്ള നിര്‍മാണം നടക്കുന്നത്. ബോട്ടിന്‍െറ ഘടന മാറ്റുമ്പോള്‍ പാലിക്കേണ്ട രാജ്യാന്തര സമുദ്ര ജലഗതാഗത ചട്ടങ്ങള്‍ ലംഘിച്ചാണ് പുതിയ ബോട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൈവരികള്‍ ഉറപ്പിച്ചിരിക്കുന്നത് മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്ന തൂണുകളിലാണ്. നിയമപ്രകാരം ഇവ പ്രത്യേകം ദൃഢമായി ഉറപ്പിക്കേണ്ടതാണ്. മേല്‍ക്കൂര ടാര്‍പോളിന്‍ കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ഇത് കാറ്റ് പിടിക്കാന്‍ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ശേഷമേ ചരിവ് പരിശോധന നടത്തി ബോട്ടിന്‍െറ ഗുരുത്വകേന്ദ്രം കണ്ടത്തൊനാവൂ. എന്നാല്‍, മേല്‍കൂര നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് ചരിവ് പരിശോധന നടത്തിയതായും ആരോപണമുണ്ട്. സാധാരണ യാത്രാ ബോട്ടുകള്‍ വീല്‍ നിയന്ത്രിക്കാന്‍ ഡ്രൈവറും എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്രാങ്കും വേണമെന്നിരിക്കെ പുതിയ ബോട്ടില്‍ ഇതിനെല്ലാം ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. ഡ്രൈവര്‍ക്കാകട്ടെ പ്രത്യേക കാബിന്‍ പോലുമില്ല. നഗരസഭ പുതിയ ബോട്ട് വാങ്ങുംവരെ ദിവസ വാടകക്ക് പുതിയ ബോട്ട് സര്‍വിസ് നടത്തുമെന്നാണ് മേയര്‍ കഴിഞ്ഞദിവസം പറഞ്ഞത്. അതേ സമയം പൂര്‍ണ സുരക്ഷിതത്വം ഉറപ്പിച്ചശേഷം മാത്രമേ മേഖലയില്‍ പുതിയ ബോട്ട് സര്‍വിസ് ആരംഭിക്കാവൂവെന്ന് മേയര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.